ന്യൂഡല്‍ഹി: സെമികണ്ടക്റ്റര്‍ ചിപ്പുകളുടെ ക്ഷാമത്തെത്തുടര്‍ന്ന് വാഹന നിര്‍മാതാക്കള്‍ പ്രതിസന്ധിയിലായതും വിതരണ ശൃംഖലകളില്‍ നേരിടുന്ന തടസത്തോടൊപ്പം നിര്‍മാണ സാമഗ്രികളുടെ വില ഉയര്‍ന്നതും ചൂണ്ടിക്കാട്ടി വാഹന നിര്‍മാതാക്കള്‍ അടിക്കടി വില വര്‍ധിപ്പിക്കുകയാണ്. ഇപ്പോള്‍ സമാനമായ സാഹചര്യത്തിലൂടെ കടന്നു പോവുകയാണ് രാജ്യത്തെ ഇലക്ട്രിക് വാഹന നിര്‍മാണ മേഖലയും.
ലിഥിയം അയണ്‍ ബാറ്ററി ക്ഷാമമാണ് (ഇലക്ട്രിക് വെഹിക്കിള്‍) ഇ.വി നിര്‍മാതാക്കള്‍ നേരിടുന്ന പ്രധാന വെല്ലുവിളി. ബാറ്ററി നിര്‍മാണത്തിന് ഉപയോഗിക്കുന്ന ലിഥിയം, നിക്കല്‍, കൊബാള്‍ട്ട് തുടങ്ങിയവയുടെ വില ഉയര്‍ന്നതും വിതരണ ശൃംഖലകളിലെ തടസവും ബാറ്ററിയുടെ വില വര്‍ധിക്കാന്‍ കാരണമായി.2021 മുതല്‍ ഓരോ നാലുമാസം കൂടുമ്പോളും ബാറ്ററി നിര്‍മാതാക്കള്‍ വില ഉയര്‍ത്തുന്നുണ്ട്. 2020 ജനുവരിയുമായി താരതമ്യം ചെയ്യുമ്പോള്‍ ബാറ്ററി വിലയില്‍ 40-50 ശതമാനത്തിന്റെ ഉയര്‍ച്ചയാണ് ഉണ്ടായത്. കഴിഞ്ഞമാസം ബാറ്ററി നിര്‍മാതാക്കള്‍ 10 ശതമാനം വില ഉയര്‍ത്തിയിരുന്നു.2022 മാര്‍ച്ചില്‍ അടുത്ത ഘട്ട വിലവര്‍ധനവ് ഉണ്ടാകുമെന്നാണ് ബാറ്ററി നിര്‍മാണ് മേഖലയിലുള്ളവര്‍ പറയുന്നത്.
ബാറ്ററി നിര്‍മാണത്തിലെ പ്രധാന ഘടകമായ സെല്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നില്ല. ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുകയാണ്. നിര്‍മാണ സാമഗ്രികള്‍ക്ക് ചൈനയില്‍ നേരിടുന്ന ക്ഷാമം ഇന്ത്യയിലും പ്രതിഫലിക്കുകയാണ്.അതേസമയം രാജ്യത്ത് ഇവികളുടെ ഡിമാന്‍ഡ് ഉയരുകയാണ്. ആദ്യമായി പ്രതിമാസ ഇവി രജിസ്ട്രേഷന്‍ നവംബറില്‍ 40,000 കവിഞ്ഞു. 42,067 യൂണീറ്റുകളാണ് നവംബറില്‍ വിറ്റത്. സര്‍ക്കാര്‍ സബ്സിഡിയെ ആശ്രയിച്ചാണ് ഇവി നിര്‍മാതാക്കള്‍ ഒരു പരിധിവരെ വില വര്‍ധനവിനെ പിടിച്ചു നിര്‍ത്തുന്നത്. കഴിഞ്ഞ മാസം ഹീറോ ലാക്ട്രോയും റിവോള്‍ട്ടും മോഡലുകളുടെ വില ഉയര്‍ത്തിയിരുന്നു. നിര്‍മാണ സാമഗ്രികളുടെ ചെലവ് ഉയരുന്നത് തുടര്‍ന്നാല്‍ വിലവര്‍ധിപ്പിക്കുമെന്ന് ഹീറോ ലാക്ട്രോ സിഇഒ ആദിത്യ മുന്‍ചാല്‍ അറിയിച്ചു.