ഫുഡ് ആൻഡ് ഫ്ളീ മാർക്കറ്റ് ഉദ്ഘാടനം ചെയ്തു
കോഴിക്കോട്: ബേപ്പൂർ വാട്ടർ ഫെസ്റ്റിനോട് അനുബന്ധിച്ച് പാരിസൺസ് ഗ്രൗണ്ടിൽ ആരംഭിച്ച ഫുഡ് ആൻഡ് ഫ്ളീ മാർക്കറ്റ് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഭക്ഷ്യ പ്രദർശന വസ്തുക്കളാണ് ഫെസ്റ്റിൽ ഒരുക്കിയിട്ടുള്ളത്. കോഴിക്കോടിന്റെ തനത് രുചികൾ സംഗമിക്കുന്നിടമാണ് ബേപ്പൂർ ഫെസ്റ്റിലെ ഫുഡ് ഫെസ്റ്റ്. കേരള, നോർത്ത് ഇന്ത്യൻ, ചൈനീസ്, അറബിക് വിഭവങ്ങൾക്കൊപ്പം കോഴിക്കോടൻ രുചികളും ഭക്ഷണപ്രേമികളെ കാത്തിരിക്കുന്നു.
വിവിധതരം ബിരിയാണികൾ, ജ്യൂസുകൾ, വിവിധ നിരത്തിലും രുചിയിലുമുള്ള ഐസ്ക്രീമുകൾ, എണ്ണക്കടികൾ, മത്സ്യ-മാംസ വിഭവങ്ങൾ എന്നിവ രുചിയുടെ മേളപ്പെരുപ്പം തീർക്കുമെന്ന കാര്യത്തിൽ തർക്കമില്ല. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ്, വനിതാശിശുവികസന വകുപ്പ്, ഉദയം ഹോംസ്, വിനോദസഞ്ചാര വകുപ്പ് എന്നിവയുടെ സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്.
മുൻ എം. എൽ. എ വി. കെ. സി മമ്മദ് കോയ, സബ്കലക്ടർ ചെൽസസിനി, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

