ന്യൂഡല്‍ഹി: കൊവിഡ് ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ക്രിസ്മസ്, പുതുവല്‍സര ആഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഡല്‍ഹി ദുരന്ത നിവാരണ അതോറിറ്റി (ഡിഡിഎംഎ). ആഘോഷങ്ങള്‍ക്ക് വേണ്ടിയുള്ള ഒരു പരിപാടിയും ഒത്തുചേരലും നഗരത്തില്‍ അനുവദിക്കില്ലെന്ന് ഡിഡിഎംഎ വ്യക്തമാക്കി. ഡിസംബര്‍ പതിനഞ്ചിലെ ഉത്തരവ് പ്രകാരം സാമൂഹിക, രാഷ്ട്രീയ, കായിക, വിനോദ, സാംസ്‌കാരിക, മതപരമായ എല്ലാ പരിപാടികളും നിരോധിച്ചിട്ടുണ്ടെന്നും ഒത്തുചേരലുകള്‍ പാടില്ലെന്നും ഡിഡിഎംഎ അറിയിച്ചു. തലസ്ഥാന പ്രദേശത്ത് ക്രിസ്മസ്, പുതുവത്സര ആഘോഷത്തിനായി സാംസ്‌കാരിക പരിപാടികളോ ഒത്തുചേചരലുകളോ നടക്കുന്നില്ലെന്ന് എല്ലാ ജില്ലാ മജിസ്‌ട്രേറ്റുകളും ഡിസിപിമാരും ഉറപ്പാക്കണമെന്ന് ഉത്തരവില്‍ പറയുന്നു.ഡല്‍ഹിയിലാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ കേസുകളുള്ളത്. ഇതുവരെ 57 പേരിലാണ് ഡല്‍ഹിയില്‍ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചത്.