ബംഗളുരു: മതപരിവര്‍ത്തന നിരോധന ബില്ലിനെതിരേ കര്‍ണാടക നിയമസഭയില്‍ കോണ്‍ഗ്രസ് പ്രതിഷേധം. ബില്‍ അവതരിപ്പിച്ചതിനു പിന്നാലെ കര്‍ണാടക പി.സി.സി. അധ്യക്ഷന്‍ ഡി.കെ. ശിവകുമാര്‍ ബില്ലിന്റെ പകര്‍പ്പ് കീറിയെറിഞ്ഞു. തുടര്‍ന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ നിയമസഭ ബഹിഷ്‌കരിച്ചു.നടപടിക്രമങ്ങള്‍ പാലിച്ച് ബില്‍ അവതരിപ്പിക്കാന്‍ സര്‍ക്കാരിനെ അനുവദിക്കുകയാണെന്നും നാളെ ചര്‍ച്ചയ്ക്ക് എടുക്കുമെന്നും സ്പീക്കര്‍ അറിയിച്ചു. തുടര്‍ന്ന് ആഭ്യന്തര മന്ത്രി ആരാഗ ജ്ഞാനേന്ദ്രയാണ് ബില്‍ അവതരിപ്പിച്ചത്. തൊട്ടുപിന്നാലെ പ്രതിഷേധമുയര്‍ത്തിയ കോണ്‍ഗ്രസ് അംഗങ്ങള്‍ നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. നിയമസഭയുടെ ശീതകാല സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കുന്നതിന് തിങ്കളാഴ്ച ബസവരാജ് ബൊെമ്മെയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. വിവാഹത്തിന്റെ പേരിലോ ബലം പ്രയോഗിച്ചോ, സ്വാധീനിച്ചോ മതപരിവര്‍ത്തനം നടത്തിയാല്‍ 10 വര്‍ഷം തടവ് ശിക്ഷയടക്കം കടുത്ത വ്യവസ്ഥകള്‍ അടങ്ങിയതാണു ബില്‍.ജാമ്യം ലഭിക്കാത്ത വകുപ്പുകളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. മതപരിവര്‍ത്തനം നടത്തപ്പെട്ട വ്യക്തിയുടെ മാതാപിതാക്കള്‍ക്കോ രക്തബന്ധമുള്ളവര്‍ക്കോ പരാതി നല്‍കാനാകും.