ലഖ്നൗ: തന്റെ മക്കളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ സര്‍ക്കാര്‍ ഹാക്ക് ചെയ്തെന്ന ആരോപണവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി.ഉത്തര്‍പ്രദേശിലെ ഇ.ഡി.- ആദായ നികുതി വകുപ്പ് റെയ്ഡുകളെ കുറിച്ചും ഫോണ്‍ ചോര്‍ത്തല്‍ ആരോപണത്തേക്കുറിച്ചുമുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അവര്‍. ഫോണ്‍ ചോര്‍ത്തല്‍ മാത്രമല്ല, അവര്‍ എന്റെ മക്കളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ വരെ ഹാക്ക് ചെയ്തു. അവര്‍ക്ക് വേറെ ജോലിയൊന്നുമില്ലേ, എന്നായിരുന്നു പ്രിയങ്കയുടെ പ്രതികരണം. സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് കഴിഞ്ഞദിവസം മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ഫോണ്‍ ചോര്‍ത്തല്‍ ആരോപണം ഉന്നയിച്ചിരുന്നു. ”ഞങ്ങള്‍ എല്ലാവരുടെയും ഫോണുകള്‍ ചോര്‍ത്തുകയും സംഭാഷണങ്ങള്‍ റെക്കോഡ് ചെയ്യുകയുമാണ്. ചില റെക്കോഡിങ്ങുകള്‍, വൈകുന്നേരങ്ങളില്‍ മുഖ്യമന്ത്രി തന്നെ കേള്‍ക്കാറുണ്ട്”- എന്നായിരുന്നു അഖിലേഷിന്റെ ആരോപണം. ഇതിനു പിന്നാലെ അഖിലേഷിനു മറുപടിയുമായി യോഗി എത്തിയിരുന്നു. അധികാരത്തിലിരിക്കെ, അഖിലേഷ് ഇതെല്ലാം ചെയ്തിട്ടുണ്ടാവാം. ഇപ്പോള്‍ അദ്ദേഹം മറ്റുള്ളവരെ ആക്ഷേപിക്കുകയാണ് എന്നായിരുന്നു യോഗിയുടെ മറുപടി.
ഫോണ്‍ ചോര്‍ത്തല്‍ മാത്രമല്ല, മക്കളുടെ ഇന്‍സ്റ്റഗ്രാം വരെ ഹാക്ക് ചെയ്തു: പ്രിയങ്കാ ഗാന്ധി
