പെണ്ണിന്റെ കെട്ടുപ്രായവും വിവാഹപൂര്‍വ്വ ലൈംഗികതയും ദേശീയ വിവാദമാകുമ്പോള്‍

പെണ്‍കുട്ടിയുടെ വിവാഹപ്രായം പതിനെട്ടില്‍ നിന്ന് ഇരുപത്തി ഒന്നാക്കി ഉയര്‍ത്തുന്ന ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിച്ചതോടെ കാര്‍ഷിക നിയമങ്ങളുടെ കാലത്തെ അനുസ്മരിപ്പിക്കുന്ന വിവാദങ്ങള്‍ ദേശീയതലത്തില്‍ സജീവമായി.

കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, മുസ്ലിംലീഗ്, സി.പി.എം, ആര്‍.എസ്.പി, എന്‍. സി.പി, ഡി.എം.കെ, മജ്ലിസ് പാര്‍ട്ടി തുടങ്ങിയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ ബില്ലിനെ പാര്‍ലമെന്റില്‍ എതിര്‍ത്ത് സംസാരിച്ചു. വനിതാ-ശിശുക്ഷേമ കാര്യങ്ങള്‍ക്കായുള്ള പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് ബില്ല് അയച്ചിരിക്കുകയാണ്. ജനുവരിയില്‍ വീണ്ടും ലോകസഭയില്‍ എത്തും. ബില്ലിനെ പ്രതികൂലിച്ച് മുസ്ലിം മത നേതാക്കളും സംഘടനകളും രംഗത്ത് വന്നിട്ടുണ്ട്.

എന്താണ് ബില്ലിന്റെ ഉള്ളടക്കം?

2006-ലെ ബാലവിവാഹ നിയമമാണ് ഭേദഗതി ചെയ്യുന്നത്. ജാതി, മത, വര്‍ഗ വ്യത്യാസമില്ലാതെ പെണ്‍കുട്ടിയുടെ വിവാഹം ഇരുപത്തി ഒന്ന് വയസ്സില്‍ താഴെ നടത്തിയാല്‍ ബാലവിവാഹ നിയമമനുസരിച്ച് കുറ്റകരവും വിവാഹം അസാധുവും ശിക്ഷാര്‍ഹവുമാക്കുകയാണ് ഈ ഭേദഗതിയിലൂടെ. ബാലവിവാഹം നടന്നു കഴിഞ്ഞ് അഞ്ചുവര്‍ഷത്തിനകം പരാതി നല്‍കാമെന്നും നിയമം പറയുന്നു. മുന്‍പ് കാലപരിധി രണ്ടുവര്‍ഷം ആയിരുന്നു. പുരുഷനും സ്ത്രീയും തമ്മിലുള്ള സാമൂഹ്യ അസമത്വത്തിനും സ്ത്രീയുടെ ജീവിത പിന്നോക്കാവസ്ഥയ്ക്കും ആരോഗ്യ തകര്‍ച്ചയ്ക്കും കാരണമാകുന്നതാണ് ബില്ലിന്റെ ആവശ്യമായി അവതരിപ്പിക്കപ്പെട്ടത്. പുരുഷനെ അപേക്ഷിച്ച് ചെറിയ വയസ്സില്‍ വിവാഹിതയാകുന്നതോടെ വിദ്യാഭ്യാസം, സാമ്പത്തിക സ്ഥിരത എന്നിവയ്ക്കുള്ള അവസരം നഷ്ടമാകുന്നു. കൗമാരപ്രായത്തിലെ ഗര്‍ഭധാരണം, പ്രസവം എന്നിവ മാതൃ-ശിശു മരണനിരക്ക് ഉയരാന്‍ കാരണമാകുന്നു. ആരോഗ്യപ്രശ്‌നങ്ങളും പോഷകാഹാരക്കുറവും ഉള്ള അമ്മമാരുടെയും ശിശുക്കളുടെയും എണ്ണം പെരുകാന്‍ കാരണമാകുന്നു. വിവാഹപ്രായം പുരുഷന്റേതിനോട് തുല്യമാക്കുന്നതോടെ തുല്യ അവസരങ്ങള്‍ സ്ത്രീക്കു ലഭിക്കും എന്നാണ് ബില്ലില്‍ പറയുന്നത്. ഇതാണ് ബില്ലിന്റെ സംക്ഷിപ്ത ഉള്ളടക്കം.

പെണ്‍കുട്ടിയുടെ വിവാഹപ്രായം ആണ്‍കുട്ടിയുടേതുപോലെ ഇരുപത്തി ഒന്നാക്കി ഉയര്‍ത്തുക. അതിനു മുമ്പുള്ള വിവാഹം കുറ്റകരമാക്കുക. ആണിനും പെണ്ണിനും സാഹചര്യങ്ങള്‍ തുല്യമാക്കുക. ഇതിനായി ഇപ്പോള്‍ നിലവിലുള്ള ക്രിസ്ത്യന്‍ വിവാഹ നിയമം, സ്‌പെഷല്‍ മാരേജ് ആക്ട്, ഹിന്ദു മൈനോരിറ്റി ആന്‍ഡ് ഗാര്‍ഡിയന്‍ ഷിപ്പ് നിയമം, ഹിന്ദു അഡോപ്ഷന്‍ ആന്‍ഡ് മെയിന്റനന്‍സ് നിയമം എന്നീ വിവാഹ നിയമങ്ങള്‍ ഭേദഗതി ചെയ്യും. ഈ നിയമങ്ങളില്‍ വിവാഹപ്രായം പതിനെട്ടായിരുന്നത് ഇരുപത്തി ഒന്നാക്കി ഉയര്‍ത്തുന്നതാണ് ഭേദഗതി.

പുതിയ ബില്ലിനെതിരെ ഏറ്റവും ശക്തമായി രംഗത്ത് വന്നുകൊണ്ടിരിക്കുന്നത് മുസ്ലിം സമുദായ സംഘടനകളും നേതാക്കളുമാണ്. പക്ഷേ മുസ്ലിം സമുദായത്തെ പറ്റി ബില്ലില്‍ പ്രത്യേകം പറയുന്നില്ല. അതിനു കാരണം മുസ്ലീം വ്യക്തിനിയമവുമായി ബന്ധിപ്പിച്ച നിയമനിര്‍മ്മാണങ്ങള്‍ ഒന്നും രാജ്യത്ത് ഇല്ല. മുസ്ലിം വ്യക്തിനിയമത്തിലെ വ്യവസ്ഥകള്‍ രാജ്യത്ത് നിയമത്തിന്റെ ഭാഗമല്ല. എന്നാല്‍ രാജ്യത്ത് നിലവിലുള്ള മതങ്ങളുടെ വിവാഹ നിയമങ്ങളിലെ പ്രായം ഇരുപത്തി ഒന്നാക്കി ബില്ല് വ്യവസ്ഥ ചെയ്യുന്നുണ്ട്.

വിവാദങ്ങള്‍ എതിര്‍പ്പുകള്‍

ബില്ല് ദേശവ്യാപകമായ ചര്‍ച്ചയും വിവാദവുമായി വരുകയാണ്. എതിര്‍പ്പുകള്‍ പാര്‍ലമെന്റില്‍ തന്നെ കണ്ടുകഴിഞ്ഞു. പക്ഷെ എതിര്‍പ്പിന്റെ യുക്തികള്‍ മുഴുവന്‍ അവതരിപ്പിക്കപ്പെട്ടിട്ടില്ല. ജനുവരിയില്‍ ബില്ല് വീണ്ടും പാര്‍ലമെന്റില്‍ എത്തുന്നതിന് മുന്‍പായി എതിര്‍പ്പുകളുടെ സ്വരൂപം മറനീക്കി പുറത്തു വരുമെന്ന് കരുതാം.

പാര്‍ലമെന്റില്‍ എതിര്‍ത്തവര്‍ പറഞ്ഞ കാരണം ബാലിശമാണ്. ബില്ലായി അവതരിപ്പിക്കുന്നതിനു മുന്‍പ് പ്രതിപക്ഷവുമായി ചര്‍ച്ച ചെയ്തില്ലെന്നും പെട്ടെന്ന് അവതരിപ്പിച്ചു എന്നുമാണ് പ്രതിപക്ഷം പറഞ്ഞത്. ഇതൊരു വിമര്‍ശനമായി ചൂണ്ടിക്കാട്ടാമെന്നല്ലാതെ ഒരു ബില്ലിനെ എതിര്‍ക്കുന്നതിന് കാരണമാവുകയില്ല. ബില്ലിനെ എതിര്‍ക്കേണ്ടത് അതിന്റെ ഉള്ളടക്കത്തിന്റെ പേരിലാണ്. ഉള്ളടക്കം എന്തായാലും അത് കാര്യമല്ല പെട്ടെന്ന് അവതരിപ്പിച്ചതിനാല്‍ എതിര്‍ക്കുന്നു എന്ന വാദം പാര്‍ലമെന്ററി ഉത്തരവാദിത്വമല്ല.

ബില്ലുകള്‍ അവതരിപ്പിക്കുന്നതും പാസാക്കുന്നതും പരാജയപ്പെടുന്നതും അതിന്റെ ഉള്ളടക്കത്തോട് ഭൂരിപക്ഷ അംഗങ്ങളുടെ സമീപനത്തിന്റെ പേരിലാണ്. സ്വകാര്യ ബില്ലാണ് എന്നതിന്റെ പേരില്‍ മാത്രം പരാജയപ്പെടുകയോ ഭരണപക്ഷം അവതരിപ്പിച്ചു എന്നതിന്റെ പേരില്‍ വിജയിക്കുകയോ ചെയ്യണമെന്നില്ല എന്നതിന് ഉദാഹരണങ്ങള്‍ രാജ്യത്തിന്റെയും മറ്റ് പാര്‍ലമെന്ററി ഭരണ വ്യവസ്ഥകളുടെയും ചരിത്രത്തില്‍ ധാരാളമുണ്ട്. ഈ ബില്ലിന്റെ ഉള്ളടക്കത്തോട് എങ്ങനെ വിയോജിക്കുന്നു എന്നതാണ് എതിര്‍ക്കുന്നവര്‍ ഇനി വ്യക്തമാക്കാനുള്ളത്.

ലീഗും സി.പി.എമ്മും ഒന്നിച്ച്

എതിര്‍പ്പിന് ഒരു നയപരമായ മുഖം നല്‍കിയിരിക്കുന്നത് മുസ്ലിം ലീഗും സിപിഎമ്മും ആണ്. ലീഗിലെ കൂടുതല്‍ യാഥാസ്ഥിതിക പക്ഷക്കാരനായ ഇ.ടി. മുഹമ്മദ് ബഷീർ പറയുന്നത് മകളുടെ വിവാഹം എപ്പോള്‍ വേണമെന്ന് തീരുമാനിക്കാനുള്ള അവകാശം മാതാപിതാക്കള്‍ക്കാണ് എന്നാണ്. മകള്‍ക്ക് ഒരു വിവാഹ ജീവിതത്തിനു വേണ്ട പക്വതയും വളര്‍ച്ചയും എത്തിയോ എന്ന് തീരുമാനിക്കാനുള്ള മാതാപിതാക്കളുടെ അവകാശം അവരുടെ മൗലിക അവകാശത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ഭാഗമാണ്. അതില്‍ സര്‍ക്കാര്‍ ഇടപെടാന്‍ പാടില്ല. ആ ഇടപെടലാണ് ഈ ബില്ലിലൂടെ നടന്നിരിക്കുന്നത്. ഇ.ടി. മുഹമ്മദ് ബഷീറിന്റെ അഭിപ്രായം ശരീഅത്ത് നിയമം തന്നെയാണെന്ന് വ്യക്തമാണ്. മതം മാതാപിതാക്കള്‍ക്ക് നല്‍കിയിരിക്കുന്ന അവകാശ പ്രകാരം വിവാഹം നടത്താം എന്നും അതില്‍ ഭരണകൂടം തലയിടരുത് എന്നുമാണ് ആ പറഞ്ഞു വെക്കല്‍.

സിപിഎമ്മിന്റെ പോളിറ്റ് ബ്യൂറോയിലെ ഏക വനിതയായ വൃന്ദാകാരാട്ട് ആണ് ബില്ലിനെ എതിര്‍ത്ത് രംഗത്തുവന്ന സി.പി.എം. നേതാവ്. പാര്‍ട്ടിയുടെ നിലപാട് തന്നെയാണ് അവരിലൂടെ പുറത്തുവന്നിരിക്കുന്നത്. വോട്ട് ചെയ്ത് പ്രധാനമന്ത്രിയെ വരെ തെരഞ്ഞെടുക്കാന്‍ പതിനെട്ട് വയസ്സ് മതി എന്നിരിക്കെ ഇണയെ തിരഞ്ഞെടുക്കാന്‍ ഇരുപത്തി ഒന്ന് വയസ്സ് വേണം എന്ന് പറയുന്നത് യുക്തിസഹമല്ല എന്നാണ് അവര്‍ അഭിപ്രായപ്പെട്ടത്. സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗമായ മുന്‍ മന്ത്രി കെ.കെ. ശൈലജയും പ്രതികരിച്ചിരുന്നു. പതിനെട്ട് വയസ്സായി വിവാഹപ്രായം തുടരുന്നതാണ് അഭികാമ്യം എന്നാണ് അവരുടെ അഭിപ്രായം. എന്തൊക്കെയാണ് ഈ അഭികാമ്യത എന്ന് അവര്‍ വ്യക്തമാക്കിയിട്ടുമില്ല.

വൃന്ദ കാരാട്ടിന്റെ അഭിപ്രായം ആദ്യ പരിശോധനയില്‍ തന്നെ ബാലിശമാണെന്ന് കാണാം. വോട്ടവകാശവും വിവാഹപ്രായവും ഒന്നായിരിക്കണമെങ്കില്‍ എന്തുകൊണ്ടാണ് ആണിന്റെ കാര്യത്തില്‍ അത് പതിനെട്ടും ഇരുപത്തി ഒന്നുമായി വേറിട്ടിരിക്കുന്നത് എന്ന ചോദ്യത്തിന് അവര്‍ക്ക് എന്ത് ഉത്തരമാണ് ഉണ്ടാവുക? പതിനെട്ട് പ്രായത്തില്‍ ലഭിക്കുന്ന വോട്ട് ചെയ്യുന്നതിനുള്ള വകതിരിവ് കല്യാണം കഴിക്കുന്നതില്‍ പുരുഷന് ഇല്ലായെന്ന് ഇതേവരെ ഒരു പഠനവും തെളിയിച്ചിട്ടില്ല. പുരുഷനേക്കാള്‍ നേരത്തെ വിവാഹം കഴിക്കാന്‍ ഉള്ള ശാരീരിക-മാനസിക യോഗ്യതകള്‍ സ്ത്രീക്ക് ഉണ്ട് എന്ന് എവിടെയും ഒരു പഠനവും തെളിയിച്ചിട്ടുമില്ല. പതിനെട്ട് പ്രായത്തില്‍ പെണ്ണിന് കല്യാണ മികവ് കൂടുതലാണെന്നും അതിനോട് താരതമ്യപ്പെടുത്തുമ്പോള്‍ ആണിന് ആ മികവുകള്‍ തുലോം കുറവാണെന്നും ഇതേവരെയും കണ്ടെത്തിയിട്ടുമില്ല.

മൂന്നു വയസ്സിന്റെ വ്യത്യാസമാണ് ഈ കാര്യത്തില്‍ ഉള്ളത്. ഗണിതശാസ്ത്രം വെച്ച് പുരുഷന്റെ മികവ് കുറവും പെണ്ണിന്റെ മികവ് കൂടുതലും കൃത്യമായി കണക്കുകൂട്ടാന്‍ കഴിയും. 18വയസ്സില്‍ കല്യാണ കാര്യത്തില്‍ പെണ്ണ് എത്തിയിടത്ത് ആണ് എത്തണമെങ്കില്‍ മൂന്നുവര്‍ഷം കൂടി വേണം. കല്യാണ യോഗ്യതയില്‍ മൂന്ന് വര്‍ഷം ആണ് പിറകിലാണ്. അതായത് ആണിന് പെണ്ണിന്റെ കല്യാണ യോഗ്യത യെക്കാള്‍ ആറിലൊന്ന് യോഗ്യത കുറവാണെന്ന് കൃത്യമായി കണക്കുകൂട്ടാം. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ പെണ്ണിന്റെ ആറിലൊന്ന് അയലത്ത് വരാനുള്ള യോഗ്യതയെ കല്യാണ കാര്യത്തില്‍ ആണിനുള്ളൂ എന്ന് വ്യക്തം! ഇതേ കാര്യം ശതമാനകണക്കിലും കണക്കാക്കാന്‍ പറ്റും. ഏതാണ്ട് പതിനാറ് ശതമാനത്തിലധികം വരും ഈ കഴിവ് വ്യത്യാസം. ഇത് വിവാഹപ്രായത്തില്‍ എത്തുമ്പോഴുള്ള കഴിവ് വ്യത്യാസമാണ്. ഈ വ്യത്യാസം വിവാഹ ജീവിതത്തിലുടനീളം തുടരുമോ എന്നത് രാഷ്ട്രീയ വിശകലനത്തിന് വിധേയമാക്കേണ്ടതുണ്ട്!!

പുരുഷനും സ്ത്രീയും തമ്മില്‍ ഉള്ള അവസര സമത്വത്തില്‍ സ്ത്രീ വളരെ പിന്നിലാണെന്ന പഠനങ്ങളാണ് ഇതുവരെ വന്നിട്ടുള്ളത്. ആദ്യമായാണ് സ്ത്രീ 16% മുന്നിലും പുരുഷന്‍ പിന്നിലുമാണെന്നൊരു വിവരം പുറത്തുവരുന്നത്. കല്യാണ കാര്യത്തിലുള്ള പിന്നോക്കാവസ്ഥ രാഷ്ട്രീയ കാര്യത്തിലും ആണുങ്ങള്‍ക്ക് ഉള്ളത് പരിഗണിച്ച് അവരുടെ വോട്ടിംഗ് പ്രായം ഇരുപത്തി ഒന്നാക്കി ഉയര്‍ത്തേണ്ടതിലേക്ക് യുക്തിസഹമായി വളരാവുന്നതുമാണ്! സ്ത്രീയ്ക്ക് പതിനെട്ട് തികഞ്ഞാൽ മതിയാകും.

വിവാഹപൂര്‍വ്വ ലൈംഗികത

ഇതേ കാരണത്തിന്റെ പേരിലല്ല എങ്കിലും, സമാനത തോന്നുന്ന കാരണത്താല്‍ വിവാഹപ്രായത്തെ എതിര്‍ക്കുന്ന മറ്റൊരു വിഭാഗം ഉണ്ട്. 2006-ല്‍ നിയമം വന്നപ്പോഴും ഈ കൂട്ടര്‍ രംഗത്തുവന്നിരുന്നു. സദാചാരവാദികളും മതപുരോഹിതരും ആണ് ആ വിഭാഗം.

ഇപ്പോഴും ആ കൂട്ടര്‍ രംഗത്തുവന്നുകഴിഞ്ഞു. വിവാഹ പ്രായം പതിനെട്ടായിരുന്നപ്പോള്‍ പതിനാറ് വയസ്സില്‍ താഴെയുള്ള ആണുമായോ പെണ്ണുമായോ നടത്തുന്ന ലൈംഗിക ബന്ധം സമ്മതത്തോടെ ആണെങ്കിലും ബലാല്‍സംഗം ആണെന്നും ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും ആയിരുന്നു നിയമം. പക്ഷേ, പെണ്ണിന്റെ വിവാഹപ്രായം പതിനെട്ടാക്കി ഉയര്‍ത്തിയപ്പോള്‍ ഒരു സദാചാര പ്രശ്‌നം ഉയര്‍ന്നുവന്നു. പതിനാറ് കഴിഞ്ഞാല്‍ ലൈംഗിക ബന്ധം ആകാം. കുറ്റകരമല്ല. പക്ഷേ വിവാഹം പാടില്ല. എന്നുവച്ചാല്‍ വിവാഹത്തിനുമുന്‍പ് രണ്ടു വര്‍ഷക്കാലയളവില്‍ പെണ്ണിന് ലൈംഗിക ബന്ധം അനുവദിക്കുന്നുണ്ട്. ഇത് വിവാഹത്തിനു മുന്‍പുള്ള ലൈംഗികതയാണ്. മതസദാചാര കാഴ്ചപ്പാടുകള്‍ തലകുത്തി വീഴുകയാണ്. ജീവിതം നശിക്കാന്‍ പോകുകയാണ്. ഭൂമിയുടെ അച്ചുതണ്ട് ഊരി പോകാനൊരുങ്ങുകയാണ്. എന്നൊക്കെയായിരുന്നു ആക്ഷേപങ്ങള്‍. ഒടുവില്‍ സദാചാരവാദികള്‍ക്ക് വേണ്ടി നിയമ നിര്‍മ്മാതാക്കള്‍ ഒരു കാര്യം ചെയ്തു. പോക്‌സോ കേസിന്റെ പ്രായം പതിനാറില്‍ നിന്ന് പതിനെട്ടാക്കി ഉയര്‍ത്തി.അങ്ങനെ കല്ല്യാണപ്രായവും പോക്സോപ്രായവും ഏകീകരിച്ചു!!

സ്ത്രീ ശാക്തീകരണം, സമത-തുല്യത എന്നീ ചിന്താഗതിക്കാര്‍ അയഞ്ഞുകൊടുത്തു. സ്ത്രീയുടെ വിവാഹത്തിന് മുന്‍പുള്ള ലൈംഗികതയുടെ പ്രശ്‌നം രണ്ടും പതിനെട്ടാക്കി നിജപ്പെടുത്തി എല്ലാവരും സമാധാനം അടഞ്ഞു. പക്ഷേ, പുരുഷന്റെ വിവാഹപ്രായം ഇരുപത്തി ഒന്നും കുറ്റകരമായ ലൈംഗികതയുടെ പ്രായം പതിനെട്ടിന് താഴെയും ആയിരുന്നു. അതായത് പുരുഷന് പതിനെട്ട് കഴിഞ്ഞ് മൂന്നുവര്‍ഷം വിവാഹ പൂര്‍വ്വ ലൈംഗികതയ്ക്ക് അനുമതി നല്‍കി. അതു സംബന്ധിച്ച് ഒരു വ്യാഖ്യാനവും ആക്ഷേപവും എങ്ങും ഉയര്‍ന്നില്ല. ഇപ്പോള്‍ പെണ്ണിന്റെ വിവാഹപ്രായം ഇരുപത്തി ഒന്നായി ഉയര്‍ത്തുകയാണ്. പക്ഷേ, പോക്‌സോ പ്രായം പതിനെട്ടാണ്. പതിനെട്ടിനും ഇരുപത്തി ഒന്നിനും ഇടയിലെ ലൈംഗികത കുറ്റകരമല്ലാതാകുകയും വിവാഹം കുറ്റകരമാകുകയും ചെയ്യുന്നതാണ് സാഹചര്യം. മതങ്ങളും സദാചാരവാദികളും സ്ത്രീശാക്തീകരണ- സമതക്കാരും തമ്മിലുള്ള ”അന്തര്‍ധാരകള്‍” ശക്തിപ്പെടാൻ പോവുകയാണ്. പുരുഷന്റെ വിവാഹപൂര്‍വ ലൈംഗികത നേരത്തെ ഇവരെല്ലാം സമ്മതിച്ചിരുന്നതോ കണ്ടില്ലെന്ന് നടിച്ചതോ ആണ്. പക്ഷേ, പെണ്‍കുട്ടിയുടെ കാര്യത്തില്‍ ആ പരിഗണന കിട്ടുമെന്ന് കരുതാനാവില്ല. ഈ ബില്ല് നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം ഇതായിരിക്കും. ജനുവരിക്ക് മുന്‍പ് എല്ലാത്തരം വാദക്കാരും ഈ ഒരു ബിന്ദുവില്‍ ശുഭകാരകന്‍മാരായി സംയോഗം ചെയ്തു നില്‍ക്കുന്നത് കണ്ടാല്‍ അത്ഭുതപ്പെടേണ്ട. വൃന്ദാ കാരാട്ട് പറയുന്നതും ഇ ടി മുഹമ്മദ് ബഷീർ പറയുന്നതും ഒരേപോലെ ഫീൽ ചെയ്യുന്നത് അതുകൊണ്ടാണ്.

ലേഖകൻ സമദർശിയുടെ ചീഫ് എഡിറ്ററാണ്. ഫോൺ: 8281058888

Share