ഡിവൈഎഫ്‌ഐ സെമിനാറില്‍ പങ്കെടുത്ത പരീക്ഷാ കണ്‍ട്രോളരുടെ നടപടി വിവാദമാവുന്നു

കണ്ണൂര്‍ : കണ്ണൂര്‍ സര്‍വകലാശാല പരീക്ഷാ കണ്‍ട്രോളര്‍ ഡിവൈഎഫ്‌ഐയുടെ സെമിനാറില്‍ പങ്കെടുത്തത്‌ വിവാദമാകുന്നു. 2021 ഡിസംബര്‍ 18 ശനിയാഴ്‌ച കൂത്തുപറമ്പില്‍ നടന്ന സെമീനാറിലാണ്‌ പരീക്ഷാകണ്‍ട്രോളര്‍ പി.ജെ വിന്‍സെന്റ് മുഖ്യപ്രഭാഷകനായി എത്തിയത്‌. ഒരുമണിക്കൂറോളം അദ്ദേഹം സെമിനാറില്‍ സംസാരിക്കുകയും ചെയ്‌തു.

കേരള സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടത്തിന്റെ പരസ്യമായ ലംഘനമാണ്‌ പരീക്ഷാ കണ്‍ട്രോളര്‍ നടത്തിയിരിക്കുന്നത്‌. പെരുമാറ്റച്ചട്ടത്തിലെ 1960ലെ റൂള്‍ 67 സബ്‌റൂള്‍ 1 ന്റെ പരസ്യമായ ലംഘനമാണിത്‌. സര്‍ക്കാര്‍ ജീവനക്കാരന്‍ രാഷ്ട്രീയത്തിലോ രാഷ്ട്രീയ പാര്‍ട്ടിയുടെ പരിപാടികളിലോ പാര്‍ട്ടികളുമായി ബന്ധമുളള സംഘടനകളുടെ പരിപാടികളിലോ പങ്കെടുക്കാന്‍ പാടില്ലെന്നാണ്‌ സര്‍വീസ്‌ ചട്ടം അനുശാസിക്കുന്നത്‌. എന്നാല്‍ അതിന്‌ വിരുദ്ധമായാണ്‌ പരീക്ഷാ കണ്‍ട്രോളര്‍ പരിപാടിയില്‍ പങ്കെടുത്തത്‌.

ഡിവൈഎഫ്‌ഐ കൂത്തുപറമ്പ്‌ ബ്ലോക്ക്‌ കമ്മറ്റിയാണ്‌ മലബാര്‍ കലാപത്തിന്റെ നൂറുവര്‍ഷങ്ങള്‍ എന്ന പേരില്‍ കൂത്തുപറമ്പ്‌ രക്തസാക്ഷി സ്‌തൂപ പരിസരത്ത്‌ സെമിനാര്‍ സംഘടിപ്പിച്ചത്‌. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ്‌ ആയിരുന്നു സെമിനാര്‍ ഉദ്‌ഘാടനം ചെയ്‌തത്‌. പരീക്ഷാ കണ്‍ട്രോളരുടെ നടപടിക്കെതിരെ ചാന്‍സലര്‍ക്ക്‌ പരാതി നല്‍കാനാണ്‌ പ്രതിപക്ഷ സംഘടനകളുടെ തീരുമാനം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →