ന്യൂഡല്‍ഹി : തെരഞ്ഞെടുപ്പ് പരിഷ്ക്കരണവുമായി ബന്ധപ്പെട്ട നിയമ ഭേതഗതികള്‍ ലോകസഭ പാസാക്കി. അതില്‍ പ്രധാനമായും വോട്ടര്‍ ഐഡി ആധാറുമായി ബന്ധിപ്പിക്കുന്നതിനുളള ബില്ലാണ്. ശബദ വോട്ടോടെയാണ് ബില്‍ ലോകസഭ പാസാക്കിയത്. കഴിഞ്ഞ ദിവസം ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ലോക്സഭയില്‍ ബില്ല് അവതരിപ്പിച്ചത്.
വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ വരുന്നവരോട് ആധാര്‍ നമ്പര്‍ ആവശ്യപ്പെടാന്‍ ഇലക്ട്രല്‍ രജിസ്ട്രേഷന് ഓഫീസര്‍ക്ക് അനുവാദം നല്‍കുന്നതാണ് ബില്‍. വോട്ടര്‍ പട്ടികയില്‍ ഇതിനോടകം പേര് ചേര്‍ക്കപ്പെട്ട ആളെ തിരിച്ചറിയുന്നതിന് ആധാര്‍ നമ്പര്‍ ചോദിക്കാനും ഉദ്യോഗസ്ഥര്‍ക്ക് ബില്‍ അനുമതി നല്കുന്നു.
ഒന്നിലധികം നിയോജക മണ്ഡലങ്ങളില്‍ വോട്ടര്‍ പട്ടികയില്‍ പേരുവരുന്നത് ഒഴിവാക്കാന്‍ വേണ്ടിയാണ് തെരഞ്ഞെടുപ്പ് പരിഷ്ക്കരണം. അതേസമയം ആധാര്‍ നമ്പര്‍ നല്‍കിയില്ല എന്ന കാരണം ചൂണ്ടിക്കാട്ടി വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതില്‍ നിന്ന് ഒരു വ്യക്തിയെ ഒഴിവാക്കരുതെന്നും ബില്‍ വ്യവസ്ഥ ചെയ്യുന്നു. വോട്ടവകാശം ആദ്യമായി ഉപയോഗിക്കാന്‍ പോകുന്നവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ വര്‍ഷത്തില്‍ നാലുതവണവരെ അവസരം നല്കുന്നതുമാണ് ബില്‍ .

