തകര്‍ച്ചയില്‍ വിപണി

മുംബൈ: സമീപകാലത്തെ ഏറ്റവും വലിയ തകര്‍ച്ച നേരിട്ട് വിപണി. 2021 ഏപ്രിലിനുശേഷം ഇതാദ്യമായാണ് ഒരൊറ്റ ദിവസം കൊണ്ട് ഇത്രയും തകര്‍ന്നടിയുന്നത്. ഇന്നലെ മാത്രം നിക്ഷേപകരുടെ സമ്പത്തില്‍ നഷ്ടമായത് ഒമ്പതുലക്ഷം കോടിയിലേറെ.2020 ഏപ്രിലിനുശേഷം ആദ്യമായി ചൈന വായ്പാ നിരക്കില്‍ കുറവുവരുത്തിയതാണ് വിപണിയില്‍ ആശങ്കയുണ്ടാക്കിയത്. ഒമിക്രോണ്‍ വ്യാപനം ആഗോളതലത്തില്‍ വീണ്ടും പ്രതിസന്ധിയുണ്ടാക്കിയേക്കുമെന്ന ആശങ്കയും വിപണിയില്‍ പ്രതിഫലിച്ചു.യൂറോപ്യന്‍ രാജ്യങ്ങളില്‍ കോവിഡ് നിയന്ത്രണങ്ങള്‍ പുനരാരംഭിച്ചതും വിദേശ നിക്ഷപകര്‍ കൂട്ടത്തോടെ വിറ്റൊഴിയല്‍ തുടര്‍ന്നതും വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളുടെ നടപടികളും കൂടിയായതോടെ വിപണി അക്ഷരാര്‍ത്ഥത്തില്‍ തകര്‍ന്നടിഞ്ഞു. സെന്‍സെക്സ് 1189.73 പോയിന്റ് ഇടിഞ്ഞ് 55822.01ലും നിഫ്റ്റി 371.00 പോയിന്റ് ഇടിഞ്ഞ് 16614.20 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 621 ഓഹരികള്‍ക്ക് മാത്രമാണ് നേട്ടമുണ്ടാക്കാനായത്. 2604 ഓഹരികളുടെ വിലയിടിഞ്ഞു. 97 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല. ബി.പി.സി.എല്‍, ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോഴ്സ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, എസ്.ബി.ഐ. തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനായില്ല. അതേസമയം സിപ്ല, എച്ച്.യു.എല്‍, ഡോ റെഡ്ഡീസ് ലബോറട്ടറീസ് തുടങ്ങിയ ഓഹരികള്‍ നേട്ടംകൊയ്തു.സെക്ടറല്‍ സൂചികകള്‍ എല്ലാംതന്നെ ഇന്നലെ നഷ്ടം രേഖപ്പെടുത്തി. റിയല്‍റ്റി, ബാങ്ക്, കാപിറ്റല്‍ ഗുഡ്സ്, മെറ്റല്‍ സൂചികകളില്‍ 3-4 ശതമാനം ഇടിവാണ് ഉണ്ടായത്. ബി.എസ്.ഇ. മിഡ്കാപ്, സ്മോള്‍ കാപ് സൂചികകള്‍ മൂന്നു ശതമാനം ഇടിഞ്ഞു. കേരള കമ്പനികളില്‍ മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസിന് മാത്രമാണ് നേട്ടമുണ്ടാക്കാനായത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →