കണ്ണൂർ: കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലറുടെ പുനർനിയമനത്തെ ന്യായീകരിച്ച് മന്ത്രി ആർ.ബിന്ദു. ചാൻസലർക്ക് കത്തയച്ചത് സ്വാഭാവിക നടപടിയാണെന്നും, പ്രോ ചാൻസലറുടെ നിർദേശം സ്വീകരിക്കാനും നിരാകരിക്കാനും ചാൻസലർക്ക് അധികാരമുണ്ടെന്നും മന്ത്രി പറഞ്ഞു.
സർക്കാർ നിലപാട് വ്യക്തമാക്കിയിട്ടും ഇക്കാര്യത്തിൽ തുടരുന്ന വിവാദം അനാവശ്യമാണെന്നും ഡോ.ആർ ബിന്ദു വ്യക്തമാക്കി.
പ്രോചാൻസലറും ചാൻസലറും തമ്മിലുള്ള ആശയവിനിമയങ്ങൾ മാധ്യമങ്ങളിലൂടെ സംവാദമാക്കാൻ ഉദ്ദേശിക്കുന്നില്ലെന്, പ്രോചാൻസലറെന്ന നിലക്കുള്ള നിലപാട് വ്യക്തമാക്കിയതാണെന്നാണ് മന്ത്രിയുടെ വിശദീകരണം. കൂടാതെ, ഇത് സംബന്ധിച്ച കേസ് ഹൈക്കോടതിയുടെ പരിഗണനയിലുമാണ്.
പ്രോചാൻസലർ കൂടിയായ ഉന്നത വിദ്യാഭ്യാസമന്ത്രി വൈസ് ചാൻസലർ നിയമനത്തിൽ ഇടപെടൽ നടത്തിയെന്ന നിലയിൽ ചിലർ പ്രചാരണം തുടരുന്നത് സർവ്വകലാശാല നിയമങ്ങളെ സംബന്ധിച്ചോ പ്രോചാൻസലർ എന്ന നിലയിലുള്ള അധികാരം സംബന്ധിച്ചോ മനസ്സിലാകാതെയാണെന്നും മന്ത്രി പറയുന്നു.

