ന്യൂഡൽഹി: കേരള സർവകലാശാലയിലെ അധ്യാപക നിയമനത്തിലെ സംവരണ തസ്തിക നിശ്ചയിച്ച രീതി ശരിവച്ച ഹൈക്കോടതി വിധിക്കെതിരായ ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. ജസ്റ്റിസ്മാരായ വിനീത് ശരൺ, അനിരുദ്ധ ബോസ് എന്നിവർ അടങ്ങിയ ബെഞ്ചാണ് സംസ്ഥാന സർക്കാരും കേരള സർവകലാശാലയും ഉൾപ്പടെയുള്ള എതിർകക്ഷികൾക്ക് നോട്ടീസ് അയച്ചത്. ആറാഴ്ചയ്ക്കുള്ളിൽ മറുപടി നൽകാൻ എതിർകക്ഷികളോട് സുപ്രീം കോടതി നിർദേശിച്ചു
വിവിധ അധ്യയന വകുപ്പുകളിലെ എല്ലാ ഒഴിവുകളും ഒറ്റ യൂണിറ്റായി കണക്കാക്കിയായിരുന്നു സർവകലാശാല സംവരണം നിശ്ചയിച്ചത്. എന്നാൽ വ്യത്യസ്ത വിഷയ വകുപ്പുകളിലെ തസ്തികകളെ ഒത്തുചേർത്ത് ഒരു യൂണിറ്റായി കാണാക്കരുതെന്നാണ് ഹർജിക്കാരുടെ ആവശ്യം. വ്യത്യസ്ത വകുപ്പുകളിലെ പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ എന്നിവയെ ഒറ്റ യൂണിറ്റായി കണക്കാക്കിയാൽ ഒഴിവുകളിലെ സംവരണം 100 ശതമാനമാകും.
കേരള സർവകലാശാല തമിഴ് വകുപ്പ് അധ്യാപിക ഡോ: ടി. വിജയലക്ഷ്മി നൽകിയ ഹർജിയിലാണ് സുപ്രീം കോടതി നോട്ടീസ് അയച്ചത്. ഹർജിക്കാരിക്ക്വേണ്ടി ദാമ ശേഷാദ്രി നായിഡു, സീനിയർ അഭിഭാഷകൻ ജോർജ് പൂന്തോട്ടം, അഭിഭാഷകരായ എം പി വിനോദ്, അതുൽ ശങ്കർ വിനോദ് എന്നിവർ ഹാജരായി.

