കോട്ടയം: പാലാ നഗരസഭയുടെ വിശപ്പുരഹിത നഗരപദ്ധതിയിൽ ഉൾപ്പെടുത്തി ആരംഭിച്ച രണ്ടാമത്തെ ജനകീയ ഹോട്ടലിന്റെ ഉദ്ഘാടനം ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര നിർവഹിച്ചു. നഗരസഭയിലെ നിലവിലുണ്ടായിരുന്ന ക്യാന്റീനാണ് ജനകീയ ഹോട്ടലാക്കുന്നത്. കുടുംബശ്രീ പ്രവർത്തകർക്കാണ് ഹോട്ടലിന്റെ ചുമതല.
പ്രഭാത ഭക്ഷണമുൾപ്പെടെ ഇവിടെ ലഭ്യമാണ്. 20 രൂപയ്ക്ക് ഊണ്, അഞ്ചു രൂപ നിരക്കിൽ ദോശ, ഇഡലി എന്നിവയും കുറഞ്ഞ നിരക്കിൽ ചായ, കാപ്പി, സ്നാക്സ് എന്നിവയും ലഭിക്കും.
ജനറൽ ആശുപത്രിക്കു സമീപം പ്രവർത്തിക്കുന്ന നഗരസഭയുടെ ആദ്യ ജനകീയ ഭക്ഷണശാലയ്ക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇതിന്റെ തുടർച്ചയായാണ് രണ്ടാമത്തെ ഹോട്ടലിന് തുടക്കമിട്ടിരിക്കുന്നതെന്ന് നഗരസഭ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര പറഞ്ഞു. ചടങ്ങിൽ വൈസ് ചെയർപേഴ്സൺ സിജി പ്രസാദ് അധ്യക്ഷയായി. കൗൺസിലർമാർ, ഉദ്യോഗസ്ഥർ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.