ന്യൂഡൽഹി: സംയുക്ത സേനാമേധാവി ജനറൽ ബിപിൻ റാവത്ത് ഉൾപ്പടെയുള്ളവരുടെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റർ അപകടത്തിന്റെ അന്വേഷണം 15 ദിവസത്തിനുള്ളിൽ പൂർത്തിയാകും നിലവിൽ അന്വേഷണ സംഘം ദൃക്‌സാക്ഷികളുടെ മൊഴികൾ രേഖപ്പെടുത്തുകയും വിവിധ ഡാറ്റകളുമായി ബന്ധപ്പെട്ട പരിശോധനകൾ നടത്തുകയുമാണ്. അടുത്ത 15 ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്” – ഉന്നത സർക്കാർ വൃത്തങ്ങളാണ് ഇത് സംബന്ധിച്ച് സൂചനകൾ നൽകിയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വ്യോമസേന എയർ ചീഫ് മാർഷൽ വി.ആർ ചൗധരിയുടെ സൂക്ഷ്മ മേൽനോട്ടത്തിലാണ് അന്വേഷണ സംഘം പ്രവർത്തിക്കുന്നത്. അന്വേഷണത്തിലെ പുരോഗതികൾ ഓരോ ദിവസവും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന് റിപ്പോർട്ട് ചെയ്യുന്നുമുണ്ട്. ഡിസംബർ എട്ടിനാണ് വ്യോമസേനയുടെ Mi-17 V5 ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട് ബിപിൻ റാവത്തുൾപ്പെടെ 14 പേർ മരിച്ചത്. സുലൂരിൽ നിന്ന് വെല്ലിംഗ്ടണിലേക്ക് പോകവെയായിരുന്നു അപകടം.
ജനറൽ ബിപിൻ റാവത്ത്, ഭാര്യ ഡോ. മധുലിക റാവത്ത്, ബ്രിഗേഡിയർ എൽ.എസ്. ലിഡ്ഡർ, ലഫ് കേണൽ ഹർജീന്ദർ സിങ്, ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ്, നായക് ഗുരു സേവക് സിങ്,നായക് ജിതേന്ദ്രകുമാർ, ലാൻസ് നായക് വിവേക് കുമാർ, ലാൻസ് നായക് ബി. സായി തേജ, ഹവിൽദാർ സത്പാൽ, ജൂനിയർ വാറന്റ് ഓഫീസറും സൂലൂരിലെ ഫ്‌ലൈറ്റ് എൻജിനിയറുമായ തൃശ്ശൂർ പുത്തൂർ സ്വദേശി പ്രദീപ്‌കുമാർ, ജൂനിയർ വാറന്റ് ഓഫീസർ ദാസ്, പൈലറ്റ് വിങ് കമാൻഡർ ചൗഹാൻ, സ്‌ക്വാഡ്രൺ ലീഡർ കുൽദീപ് സിങ് എന്നിവരാണ് അപകടത്തിൽ മരിച്ചത്.

