ചാഞ്ചാട്ടത്തിനൊടുവില്‍ ഓഹരി സൂചികകള്‍ നേട്ടത്തില്‍

മുംബൈ: വിദേശ വിപണികളിലെ ഉത്സാഹം ഇന്ത്യന്‍ വിപണിയിലേക്കും പടര്‍ന്നപ്പോള്‍ ചാഞ്ചാട്ടത്തിനൊടുവില്‍ ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു.ഐടി, ഓയില്‍ ആന്‍ഡ് ഗ്യാസ് ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയത്. സെന്‍സെക്സ് 113.11 പോയിന്റ് ഉയര്‍ന്ന് 57,901.14 ലും നിഫ്റ്റി 27 പോയിന്റ് നേട്ടത്തില്‍ 17,248.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. പതിനൊന്നോളം കേരള കമ്പനികള്‍ വിപണിയില്‍ നിലമെച്ചപ്പെടുത്തി. കഴിഞ്ഞ ദിവസം മികച്ച പ്രകടനം കാഴ്ചവെച്ച എവിറ്റി നാച്വറല്‍ പ്രോഡക്റ്റ്സ് ഓഹരി വില നാല് ശതമാനത്തോളം താഴ്ന്നു. കേരളം ആസ്ഥാനമായുള്ള ലിസ്റ്റഡ് എന്‍ ബി എഫ് സികളുടെയെല്ലാം ഓഹരി വിലയും നഷ്ടത്തിലായിരുന്നു.

യു.എസ് ഫെഡ് റിസര്‍വിന്റെ തീരുമാനത്തില്‍ വ്യക്തതയുണ്ടായതോടെ മികച്ച നേട്ടത്തിലാണ് രാവിലെ വ്യാപാരം ആരംഭിച്ചത്. എന്നാല്‍, വിദേശ നിക്ഷേപകര്‍ വന്‍തോതില്‍ ഓഹരികള്‍ വിറ്റഴിക്കല്‍ തുടര്‍ന്നതോടെ ഉച്ചയ്ക്കുശേഷം സൂചികകളില്‍ നേട്ടംകുറഞ്ഞു.എങ്കിലും നാലുദിവസം തുടര്‍ന്ന നഷ്ടത്തില്‍നിന്ന് നേട്ടമുണ്ടാക്കാന്‍ വ്യാഴാഴ്ച വിപണിക്കായി. മുഖ്യ സൂചികകളേക്കാള്‍ നിറം മങ്ങിയ പ്രകടനമായിരുന്നു വിശാല വിപണിയുടേത്. ബജാജ് ഫിനാന്‍സ്, ഇന്‍ഫോസിസ്, ബിപിസിഎല്‍, ടൈറ്റാന്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ് തുടങ്ങിയ ഓഹരികള്‍ നേട്ടംകൊയ്തപ്പോള്‍ ഹിന്‍ഡാല്‍കോ, സിപ്ല, മാരുതി സുസുകി, ഐസിഐസിഐ ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍പ് തുടങ്ങിയ ഓഹരികള്‍ കൂപ്പുകുത്തി. ബിഎസ്ഇ മിഡ്, സ്മോള്‍ കാപ് സൂചികകള്‍ 0.6 ശതമാനം വീതം താഴ്ന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →