കൊച്ചി: അങ്കമാലി പീച്ചാനിക്കാട്ടിൽ പെൺമക്കളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത അച്ഛനെ ഡിവൈഎഫ്ഐ പ്രവർത്തകർ മർദ്ദിച്ചുവെന്ന പരാതിയുമായി വീട്ടമ്മ. പീച്ചാനിക്കാട് സ്വദേശി നൽക്കര ജോയിയെ 2021 ഡിസംബർ 16 ന് വ്യാഴാഴ്ച്ച രാത്രി ഒരു സംഘമാളുകൾ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. പെൺമക്കളെ ശല്യം ചെയതത് ചോദ്യം ചെയതപ്പോഴാണ് മർദ്ദനമുണ്ടായതെന്ന് ജോയിയുടെ ഭാര്യ ജിൻസി പറഞ്ഞു.
എന്നാൽ പരാതി അടിസ്ഥാന രഹിതമെന്നും പിന്നിൽ കോൺഗ്രസ് പ്രവർത്തകരാണെന്നുമാണ് ഡിവൈഎഫ്ഐ പ്രാദേശിക നേതൃത്വത്തിൻറെ പ്രതികരണം. എന്നാൽ ജോയിയും സഹോദരന്റെ ഭാര്യയും തമ്മിലുള്ള കുടിവെള്ള തർക്കം പരിഹരിക്കാനെത്തിയ പ്രവർത്തകരെ ജോയിയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ മർദ്ദിച്ചുവെന്നാണ് ഡിവൈഎഫ്ഐയുടെ പ്രതികരണം. മറ്റുള്ള പരാതികളെല്ലാം അടിസ്ഥാന രഹിതമാണെന്നും ഇവർ പ്രതികരിച്ചു. സംഭവത്തിൽ ഇരുകൂട്ടർക്കുമെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു.
എന്നാൽ, ജോയിയെ അക്രമിച്ച ഡിവൈഎഫ്ഐ പ്രവർത്തകരോട് പൊലീസ് മൃദുസമീപനം സ്വീകരിക്കുന്നുവെന്നാണ് കോൺഗ്രസിന്റെ ആരോപണം. സംഭവത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെയും ജോയിക്കെതിരെയും കേസെടുത്ത് പൊലീസ്, അന്വേഷണം തുടങ്ങി. സഹോദര ഭാര്യയുടെ പരാതിയിലാണ് ജോയിക്കെതിരെ കേസെടുത്തിരിക്കുന്നത്.