സില്‍വര്‍ലൈന്‍ പാത: എംപിമാരുമായുളള ചര്‍ച്ച മാറ്റി

ന്യൂഡല്‍ഹി : റെയില്‍വേ മന്ത്രി അശ്വിനി വിഷ്‌ണുവും കേരളത്തിലെ യുഡിഎഫ്‌ എംപിമാരുമായി നടത്താനിരുന്ന ചര്‍ച്ചമാറ്റി വച്ചു. 2021 ഡിസംബര്‍ 15 ബുധനാഴ്‌ചയായിരുന്നു ചര്‍ച്ച നിശ്ചയിച്ചിരുന്നത്‌. എന്നാല്‍ കേരളത്തിന്‍റെ പൊതുവായ വിഷയമെന്ന നിലയില്‍ തങ്ങളെയും ചര്‍ച്ചയില്‍ പങ്കെടുപ്പിക്കണമെന്ന്‌ ഇടത്‌ എംപിമാര്‍ ആവശ്യപ്പെട്ടിരുന്നു. കേന്ദ്രമന്ത്രിസഭയോഗം മൂലമുളള മന്ത്രിയുടെ അസൗകര്യത്തിനുപുറമേ ഇടത്‌ എംപിമാരുടെ ആവശ്യവും പരിഗണിച്ചാണ്‌ ബുധനാഴ്‌ച നിശ്ചയിച്ചിരുന്ന യോഗം മാറ്റിവച്ചത്‌.

പുതുച്ചേരിയില്‍ നിന്നുളള ലോകസഭാംഗം ഉള്‍പ്പെട 19 എംപിമാര്‍ ഒപ്പുവച്ച കത്ത്‌ കോണ്‍ഗ്രസിന്‍രെ ലോക്‌സഭ ചീഫ്‌ വിപ്പ്‌ കൊടിക്കുന്നില്‍ സുരേഷ്‌ റെയില്‍ഡവേ മന്ത്രിയെ നേരില്‍കണ്ട്‌ നല്‍കിയതിനെ തുടര്‍ന്നാണ്‌ ബുധനാഴ്‌ച വിശദമായ ചര്‍ച്ച നിശ്ചയിച്ചിരുന്നത്‌. എന്നാല്‍ സംസ്ഥാനത്ത്‌ നടപ്പാക്കുന്ന പദ്ധതിയെക്കുറിച്ച്‌ മന്ത്രി നടത്തുന്ന ചര്‍ച്ചയില്‍ കേരളത്തിലെ എല്ലാ എംപിമാര്‍ക്കും അഭിപ്രായം പ്രകടിപ്പിക്കാന്‍ അവസരം നല്‍കണമെന്ന്‌ ഇടത്‌ എംപിമാര്‍ ആവശ്യപ്പെട്ടു. ഇക്കാര്യം മന്ത്രിയുെട ഓഫീസില്‍ അറിയിക്കുകയും ചെയ്‌തിട്ടുണ്ട്‌.

എന്നാല്‍ ഇത്തരം ഒന്നിച്ചുളള ഒരു ചര്‍ച്ചക്ക്‌ യുഡിഎഫ്‌ എംപിമാര്‍ എതിരാണ്‌. കേരളത്തിലെ എല്ലാ എംപിമാരുടെയും യോഗം മന്ത്രി വിളിച്ചുചേര്‍ക്കുകയല്ല ചെയ്‌തിരിക്കുന്നതെന്ന്‌ കൊടിക്കുന്നില്‍ സുരേഷ്‌ ചൂണ്ടിക്കാട്ടി. തങ്ങളുടെ എതിര്‍പ്പ്‌ അറിയിച്ച്‌ റെയില്‍വേ മന്ത്രിക്ക്‌ കത്ത്‌ നല്‍കിയപ്പോള്‍ അതില്‍ ഒപ്പിട്ട എല്ലാവരെയും വിശദമായ ചര്‍ച്ചക്ക്‌ വിളിക്കുകയായിരുന്നു മന്ത്രി ചെയ്‌തത്‌. ഇതില്‍ ഇടത്‌ എംപിമാര്‍ക്ക്‌ എന്ത്‌ കാര്യമെന്ന്‌ അദ്ദേഹം ചോദിച്ചു.

ഇതിനിടെ സില്‍വര്‍ലൈന്‍ പദ്ധതിയെ എതിര്‍ക്കുന്ന യുഡിഎഫ്‌ എംപിമാര്‍ക്കൊപ്പം താനില്ലെന്ന പ്രചരണങ്ങള്‍ ശരിയല്ലെന്ന്‌ കത്തില്‍ ഒപ്പുവച്ചിട്ടില്ലാത്ത ശശി തരൂര്‍ വിശദീകരിച്ചു. പദ്ധതിക്ക്‌ താന്‍ പിന്തുണ കൊടുത്തിട്ടില്ല. സംശയ നിവര്‍ത്തി വന്നശേഷം നിലപാട്‌ സ്വീകരിക്കുമെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. മന്ത്രി-എംപിമാരുടെ ചര്‍ച്ചക്കുളള പുതിയ തീയതി നിശ്ചയിച്ചിട്ടില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →