മുംബൈ: തുടര്‍ച്ചയായ മൂന്നാം ദിവസവും ഓഹരി വിപണിയില്‍ ഇടിവ് രേഖപ്പെടുത്തി. ഉയര്‍ന്ന പണപ്പെരുപ്പ നിരക്കും ദുര്‍ബലമായ ഏഷ്യന്‍ വിപണിയും ഇന്ത്യന്‍ ഓഹരി വിപണിയെ ബാധിച്ചതോടെ സെന്‍സെക്സ് 166.33 പോയിന്റ് ഇടിഞ്ഞ് 58117.09 ലും നിഫ്റ്റി 43.40 പോയിന്റ് ഇടിഞ്ഞ് 17324.90ലും ക്ലോസ് ചെയ്തു. അതേസമയം, 10 കേരള കമ്പനികള്‍ ഇന്നലെ നേട്ടംകൊയ്തു. റബ്ഫില ഇന്റര്‍നാഷണല്‍, ഈസ്റ്റേണ്‍ ട്രെഡ്സ്, കേരള ആയുര്‍വേദ, നിറ്റ ജലാറ്റിന്‍ തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയ കേരള ഓഹരികള്‍. സ്‌കൂബീ ഡേ ഗാര്‍മന്റ്സ്, വെര്‍ട്ടെക്സ് സെക്യൂരിറ്റീസ്, കെഎസ്ഇ, വണ്ടര്‍ലാ ഹോളിഡേയ്സ്, അപ്പോളോ ടയേഴ്സ് തുടങ്ങി 19 കേരള കമ്പനികള്‍ നഷ്ടത്തിലായിരുന്നു.
ഇന്ത്യയുടെ ഉപഭോക്തൃ വില സൂചിക പണപ്പെരുപ്പം 4.91 ശതമാനം എന്ന മൂന്നു മാസത്തെ ഉയരത്തില്‍ എത്തിയതും ഹോള്‍സെയില്‍ പണപ്പെരുപ്പം 12 വര്‍ഷത്തെ ഏറ്റവും കൂടിയ 14.23 ശതമാനത്തില്‍ എത്തിയതും വിപണിയില്‍ പ്രതിഫലിച്ചു. 1695 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1462 ഓഹരികളുടെ വിലയിടിഞ്ഞു. 109 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല. പവര്‍ ഗ്രിഡ് കോര്‍പറേഷന്‍. നെസ്ലെ ഇന്ത്യ, ആക്സിസ് ബാങ്ക്, ഡോ റെഡ്ഡീസ് ലാബ്സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.ഐടി, ബജാജ് ഫിനാന്‍സ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഭാരതി എയര്‍ടെല്‍ തുടങ്ങിയവയ്ക്ക് നേട്ടമുക്കാനാകാതെ പോയി. പവര്‍, ഫാര്‍മ, ഓയ്ല്‍ ആന്‍ഡ് ഗ്യാസ് സെക്ടറല്‍ സൂചികകള്‍ നേട്ടം രേഖപ്പെടുത്തി. ഓട്ടോ, എഫ്എംസിജി, പിഎസ്യു ബാങ്ക് എന്നിവ നിറം മങ്ങി.

