പായ്‌ക്കിംഗിന് ജീവനക്കാരില്ല : ശബരിമലയിൽ അപ്പവിതരണം മുടങ്ങി.

ശബരിമല: പായ്‌ക്കിംഗിന് ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാൽ ശബരിമലയിൽ അപ്പം, അരവണ പ്രസാദങ്ങൾക്ക് ക്ഷാമം. ഇക്കാരണത്താൽ മൂന്ന് ദിവസമായി വൈകുന്നേരങ്ങളിൽ ഒന്ന് മുതൽ രണ്ട് മണിക്കൂർ വരെ അപ്പം വിതരണം മുടങ്ങി. ടിൻ അരവണ ലഭ്യമാണെങ്കിലും പത്ത് ടിൻ അടങ്ങിയ ബോക്സ് അരവണയ്ക്ക് ക്ഷാമമുണ്ട്. ഒരുലക്ഷം അപ്പം കരുതൽ ശേഖരമുണ്ടെന്ന് ദേവസ്വം ബോർഡ് അധികൃതർ പറയുമ്പോഴും പായ്‌ക്കിംഗിലെ അപാകതയാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്.തിരക്ക് വർദ്ധിച്ചിട്ടും കൂടുതൽ ജീവനക്കാരെ പായ്ക്കിംഗിന് നിയമിച്ചിട്ടില്ല.വിതരണച്ചുമതല സ്വകാര്യ കമ്പനിക്കാണ്.

പതിനെട്ടാം പടിക്ക് താഴെ എട്ട് കൗണ്ടറുകളിലായാണ് അപ്പവും അരണവയും വിതരണം ചെയ്യുന്നത്.കൂടുതൽ കൗണ്ടറുകൾ തുറക്കാനുള്ള നടപടിയും പുരോഗമിക്കുകയാണ്.മുൻ വർഷങ്ങളിൽ ദിവസവേതന അടിസ്ഥാനത്തിൽ ആയിരത്തോളം താത്കാലിക ജീവനക്കാരെ ബോർഡ് നിയമിച്ചിരുന്നു.ഇത്തവണ മുന്നൂറോളം പേരെ മാത്രമാണ് നിയമിച്ചത്.അമിത ജോലിഭാരം കാരണം ഇവരിൽ പലരും മടങ്ങി.ജീവനക്കാരുടെ കുറവ് കാണിക്ക എണ്ണിത്തിട്ടപ്പെടുത്തുന്നതിനെയും ചുക്കുവെള്ള വിതരണത്തെയും ബാധിച്ചിട്ടുണ്ട്.അപ്പം ഉത്പാദനത്തിൽ കുറവില്ലെന്നും പായ്ക്കിംഗ് ജോലികളിൽ പ്രതിസന്ധിയുണ്ടെങ്കിൽ ഉടൻ പരിഹരിക്കുമെന്നും ദേവസ്വം ബോർഡ് അധികൃതർ അറിയിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →