സിപിഎം സമ്മേളനങ്ങളിൽ പൊലീസിനെതിരെ വീണ്ടും രൂക്ഷവിമർശനം: മുഖ്യമന്ത്രി പിണറായി വിജയൻ പൊലീസിനെ നിയന്ത്രിക്കണമെന്ന് ആവശ്യം

തിരുവനന്തപുരം: എൽ .ഡിഎഫ് സർക്കാരിന് പൊലീസിന് മേൽ ഒരു നിയന്ത്രണവുമില്ലെന്ന് സിപിഎം സമ്മേളനത്തിൽ ആഞ്ഞടിച്ച് പ്രതിനിധികൾ. ആർ.എസ്.എസ് കാരും യു ഡിഎഫ്കാരുമായ പൊലീസുകാരെ നിയന്ത്രിക്കാൻ ആഭ്യന്തരവകുപ്പിന് സാധിക്കുന്നില്ലെന്ന രൂക്ഷവിമർശനവും ഉണ്ടായി. തലസ്ഥാനനഗരിയിൽ പാർട്ടി ആസ്ഥാനമായ എ.കെ.ജി സെന്റര്‍ ഉൾപ്പെട്ട സി.പിഎമ്മിന്റെ പാളയം ഏരിയാ സമ്മേളനത്തിലും, ചാല ഏരിയാ സമ്മേളനത്തിലുമാണ് പൊലീസിനെതിരെ രൂക്ഷവിമർശനം ഉയര്‍ന്നത്. മുഖ്യമ ന്ത്രി പിണറായി വിജയൻ പൊലീസിനെ നിയന്ത്രിക്കണമെന്നും ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കെതിരെ വ്യക്തിപരമായ വിമർശനം ആരുമുന്നയിച്ചില്ല.

തിരുവനന്തപുരം നഗരസഭയിലെ പുറത്തുവരുന്ന അഴിമതിക്കഥകൾ നഗരസഭാ ഭരണതലപ്പത്തുള്ളവരുടെ പരാജയമാണെന്നും പാളയത്തെ പ്രതിനിധികൾ വിമർശിച്ചു.അതവസാനിപ്പിക്കാൻ ഭരണത്തിന് നേതൃത്വം നൽകുന്നവർ മുൻകൈയെടുക്കണമെന്നും ആവശ്യപ്പെട്ടു.എന്നാൽ സർക്കാരിനെ വിലയിരുത്താൻ സമയമായിട്ടില്ലെന്നായിരുന്നു ചർച്ചയ്ക്ക് മറുപടി പറഞ്ഞ ജില്ലാ നേതാക്കൾ വ്യക്തമാക്കിയത്.

തിരുവല്ലയിൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി സന്ദീപിന്റെ കൊലപാതകം ആദ്യം വ്യക്തിപരമാണെന്ന് പറഞ്ഞ പൊലീസ് ഉദ്യോഗസ്ഥർ ആ സ്ഥാനത്ത് തുടരാൻ പാടില്ലെന്ന് പ്രതിനിധികൾ പറഞ്ഞു.യുഡിഎഫ് ഭരണകാലത്ത് നിയമിച്ച സ്ഥാനത്തുതന്നെ തുടരുകയാണ് പല ഉദ്യോഗസ്ഥരും.ന്യായമായ കാര്യങ്ങളിൽ പോലും പൊലീസ് സ്റ്റേഷനുകളിൽ ജനങ്ങൾക്ക് നീതി കിട്ടുന്നില്ല. സിപിഎമ്മുകാർക്ക് കിട്ടാത്ത നീതി എസ്ഡിപിഐ കാർക്കും ആർ.എസ്എസ്കാർക്കും കിട്ടുന്നു.

പൊലീസിൽ നിന്ന് പൊതുജനങ്ങൾ വല്ലാതെ ബുദ്ധിമുട്ടുകയാണെന്ന് പാളയം ഏരിയാ സമ്മേളനത്തിൽ വിമർശനമുയർന്നു.ചില പൊലീസുദ്യോഗസ്ഥർ ജനങ്ങളെ ഉപദ്രവിക്കുന്നു. തുടർങരണത്തിലും സർക്കാരിന് നാണക്കേടുണ്ടാക്കുകയാണിവർ.ഇത്തരത്തിലുള്ള ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ സർക്കാർ മടിക്കരുത്.ഒന്നാം പിണറായി സർക്കാരിന് നാണക്കേടുണ്ടാക്കിയ വിവാദങ്ങൾ ആവർത്തിക്കാതിരിക്കാൻ മുൻകരുതലുണ്ടാകണമെന്നും പ്രതിനിധികൾ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →