കോഴിക്കോട്∙: മതിയായ ചികിത്സ നൽകാതെ വീട്ടമ്മമരിച്ചതായി പരാതി .മതിയായ ചികിത്സ ലഭിക്കാതെയാണു മരണമെന്നാരോപിച്ചു ഭർത്താവിനെതിരെ ബന്ധുക്കൾ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. നാദാപുരം കല്ലാച്ചി ചട്ടീന്റവിട ജമാലിന്റെ ഭാര്യ നൂർജഹാൻ (43) ആണു മരിച്ചത്.
ദേഹത്തു വ്രണങ്ങൾ ഉണ്ടായതിനെ തുടർന്ന് 6 മാസം മുൻപ് ഭർത്താവ് ഇവരെ മന്ത്രവാദ ചികിത്സയ്ക്കായി ആലുവയിലെ കേന്ദ്രത്തിലേക്കു കൊണ്ടുപോയിരുന്നു. അന്നു വിവരം അറിഞ്ഞെത്തിയ ഇവരുടെ ബന്ധുക്കൾ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കു നൂർജഹാനെ മാറ്റി ചികിത്സ നൽകിയിരുന്നു. തുടർന്നു രോഗം ഭേദമായെങ്കിലും തുടർചികിത്സ നൽകാതെ വീണ്ടും ഭർത്താവ് ഇവരെ മന്ത്രവാദ ചികിത്സയിലേക്കു മാറ്റുകയായിരുന്നുവെന്നു പരാതിയിൽ പറയുന്നു.
രോഗം ഗുരുതരമായതിനെ തുടർന്നു 2021 ഡിസംബർ 6ന് ആലുവയിലെ ചികിത്സാ കേന്ദ്രത്തിലേക്കു കൊണ്ടു പോവുകയും 7ന് പുലർച്ചെ മരിക്കുകയുമായിരുന്നു. വളയം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം വടകര ജില്ലാ ആശുപത്രിയിൽ എത്തിക്കാൻ ആവശ്യപ്പെട്ടു. ബുധനാഴ്ച പോസ്റ്റ്മോർട്ടം നടത്തും.
കുനിങ്ങാട് പൊയിൽ പീടികയിൽ മൂസയുടെയും കുഞ്ഞയിശയുടെയും മകളാണ്. മക്കൾ: ബഷീർ, ജലീന, മാഹിറ, സാദിഖ്, പരേതനായ ഹിദായത്തുള്ള. മരുമകൻ: റിഷാദ്. സഹോദരങ്ങൾ: ഷാജഹാൻ, ജുവൈരിയ , ഫർസാന, ജംഷീറ.

