തിരുവനന്തപുരം: പൂവച്ചൽ ഗ്രാമപഞ്ചായത്തിൽ എൽഡിഎഫിന് ഭരണം നഷ്ടമായി. കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതോടെയാണ് എൽഡിഎഫിന് ഭരണം പോയത്. ബിജെപി പിന്തുണയോടെ ഒൻപതിനെതിരെ 14 വോട്ടുകളുമായാണ് കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായത്. പഞ്ചായത്തിൽ ഉദ്യോഗസ്ഥ ഭരണമാണ് നടക്കുന്നതെന്ന് ആരോപിച്ചാണ് കോൺഗ്രസ് അവിശ്വാസം അവതരിപ്പിച്ചത്
23 അംഗ ഭരണ സമിതിയിൽ 9 പേരും എൽഡിഎഫിന്റേതാണ്. കോൺഗ്രസിന് 6 അംഗങ്ങളും ഒരു കോൺഗ്രസ് സ്വതന്ത്ര്യനുമാണ് ഉള്ളത്. ബിജെപിയുടെ ആറ് അംഗങ്ങളും പ്രമേയത്തെ അനുകൂലിക്കുകയായിരുന്നു. ടി സനൽ കുമാറായിരുന്നു പഞ്ചായത്ത് പ്രസിഡന്റ്. പതിനഞ്ച് ദിവസത്തിനകം പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കണം. ബിജെപി പിന്തുണയോടെ മാത്രമെ ഇനി യുഡിഎഫിന് ഭരണത്തിൽ എത്താൻ കഴിയുകയുള്ളു.
അതേ സമയം അവിശ്വാസം പാസാക്കാൻ ബിജെപിയുമായി നീക്ക് പോക്ക് ഉണ്ടായിട്ടില്ലെന്ന് കോൺഗ്രസ് നേതാക്കാൾ വ്യക്തമാക്കി. അഴിമതിക്കെതിരയാണ് അവിശ്വാസത്തിന് വോട്ട് ചെയ്ത് അംഗങ്ങൾ പ്രതികരിച്ചതെന്ന് ബിജെപി നേതാക്കൾ പറഞ്ഞു.പഞ്ചായത്തിൽ അർഹമായ തൊഴിൽ ദിനം പോലും നൽകാൻ സാധിക്കാത്ത ഒരു ഭരണ സമിതിക്കെതിരായാണ് അവിശ്വാസത്തിനെ പിന്തുണച്ചത് എന്ന് ബിജെപി വ്യക്തമാക്കുന്നു.അതേ സമയം കോൺഗ്രസ് ബിജെപി അവിശുദ്ധ കൂട്ടുകെട്ടാണ് എന്ന് ആരോപിച്ച് എൽഡിഎഫ് പഞ്ചായത്ത് ആസ്ഥാനത്തിന് സമീപം പ്രതിഷേധ സമ്മേളനം നടത്തി.

