കട്ടപ്പന : മുല്ലപെരിയാർ ഡാം രാത്രികാലങ്ങളിൽ തുറക്കുന്നതിൽ കേരളത്തിന്റെ പ്രതിക്ഷേധം തമിഴ്നാട് ചീഫ് സെക്രട്ടറിയെയും ചീഫ് എഞ്ചിനീയറെയും അറിയിച്ചതായി ജലവിഭവ വകുപ്പ്മന്ത്രി റോഷി അഗസ്റ്റിൻ. ഈ വിവരം സുപ്രിംകോടതിയെ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു. നെടുങ്കണ്ടത്ത് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു റോഷി അഗസ്റ്റിൻ
മേൽനോട്ട സമിതിയെ കേരളത്തിന്റെ പ്രതിക്ഷേധം അറിയിച്ചു കഴിഞ്ഞുവെന്നും മുല്ലപ്പെരിയാർ ഡാമിന്റെ ജലനിരപ്പ് ക്രമീകരിക്കുന്നത് സംബന്ധിച്ചും മുന്നറിയിപ്പ് കൂടാതെ ഡാം തുറക്കുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടും മുഖ്യമന്ത്രി തമിഴ്നാട് മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. മുല്ലപ്പെരിയാർ വിഷയവുമായി ബന്ധപ്പെട്ട് തമിഴ്നാടിന്റെ വീഴ്ചകൾ സുപ്രീം കോടതിയിൽ കേരളം ഉന്നയിക്കുമെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു.
അതേസമയം ഇന്ദിരാ ഗാന്ധിയുടെയും മൻമോഹൻസിംഗിന്റെയും കാലത്ത് കോൺഗ്രസ് നേതാക്കൻമാർ മുല്ലപ്പെരിയാർ വിഷയത്തിൽ സമരം ചെയ്യേണ്ടിയിരുന്നുവെന്ന് പതിവ് ശൈലിയിൽ എം.എം മണി എം.എൽ.എ പറഞ്ഞു. ഡീൻ കുര്യാക്കോസ്, വി.ഡി സതീശൻ തുടങ്ങിയവർ മുല്ലപ്പെരിയാർ വിഷയത്തിൽ ഇപ്പോൾ സമരപാതയിലാണ്. എന്നാൽ കോൺഗ്രസ് ഭരണകാലത്ത് കേന്ദ്രത്തിൽ ഇവരാരും വേണ്ടത്ര സമ്മർദ്ദം ചെലുത്തിയിരുന്നില്ലെന്നും വിഷയം വഷളാക്കിയത് കോൺഗ്രസ് സർക്കാരുകളാണെന്നും എം.എം മണി പറഞ്ഞു