പാലക്കാട്: ഓൺലൈൻ വഴി പണം തട്ടിയ കേസിൽ നൈജീരിയൻ പൗരൻ ഉൾപ്പടെ രണ്ടു പേരെ പാലക്കാട് സൈബർ പൊലീസ് അറസ്റ്റ് ചെയ്തു. ഫേസ്ബുക്കിലൂടെ സൗഹൃദം സ്ഥാപിച്ചായിരുന്നു സംഘത്തിന്റെ തട്ടിപ്പ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. ഓൺലൈൻ വഴി നാലേമുക്കാൽ ലക്ഷം രൂപ തട്ടിയെടുത്തെന്ന കഞ്ചിക്കോട് ജോലി ചെയ്യുന്ന തമിഴ്‌നാട് സ്വദേശിയുടെ പരാതിയിലാണ് സൈബർ പൊലീസിന്റെ നടപടി. നൈജീരിയ സ്വദേശി ചിനേഡു ഹൈസിയന്റ് , നാഗാലാന്റ് സ്വദേശി രാധിക എന്നിവരാണ് പിടിയിലായത്. ഇവരെ ദില്ലിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.
ഫേസ്ബുക്കിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കിയായിരുന്നു ഇവരുടെ തട്ടിപ്പ്. വിദേശികളുടെ പേരിൽ തുടങ്ങുന്ന അക്കൗണ്ട് വഴി ഇരകളുമായി സൗഹൃദം സ്ഥാപിച്ച ശേഷം, നാട്ടിലേക്ക് സമ്മാനം കൊറിയർ വഴി അയക്കുന്നതായി അറിയിക്കും. വിശ്വാസത്തിന് വിലപിടിപ്പുള്ള സമ്മാനത്തിന്റെ ചിത്രങ്ങളും നൽകും. ദില്ലിയിലെത്തുന്ന സമ്മാനപ്പൊതിക്ക് ഇൻകം ടാക്‌സ് നൽകാനെന്ന പേരിലാണ് ഇവരുടെ തട്ടിപ്പ്.
ഇത്തരത്തിൽ പലരിൽ നിന്നും ലക്ഷങ്ങളാണ് ഇരുവരും ചേർന്ന് തട്ടിയെടുത്തത്. സംഘത്തിന്‍റെ ഇന്‍റർനെറ്റ് ഉപയോഗവും മൊബൈൽ ഫോൺ ടവർ ലൊക്കേഷനും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനൊടിവിലാണ് സൈബർ പൊലീസ് പ്രതികളെ പിടികൂടിയത്