ലക്നൗ: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി നേതൃത്വം നല്‍കുന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ബദല്‍ രാഷ്ട്രീയ മുന്നണിയുമായി കൈ കോര്‍ക്കാന്‍ സന്നദ്ധമാണെന്ന് സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ബംഗാള്‍ തിരഞ്ഞെടുപ്പിലെന്ന പോലെ ഉത്തര്‍ പ്രദേശിലും ബിജെപി തുടച്ചുനീക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത വര്‍ഷം ആദ്യത്തിലാണ് യു പിയിലെ നിയമസഭാ തിരഞ്ഞെടുപ്പ്.
യു പിയിലേക്ക് മമതയെ സ്വാഗതം ചെയ്യുന്നതായും ബംഗാളില്‍ ബി ജെ പി തുടച്ചുനീക്കപ്പെട്ടത് പോലെ ഉത്തര്‍ പ്രദേശിലെ ജനങ്ങളും ബി ജെ പിയെ തുടച്ചുനീക്കുമെന്നും അഖിലേഷ് ഝാന്‍സിയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ശരിയായ സമയത്ത് സഹകരണത്തെ കുറിച്ച് പറയാമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, കോണ്‍ഗ്രസിനെ പൂര്‍ണമായും എഴുതിത്തള്ളുന്നതായിരുന്നു അഖിലേഷിന്റെ സമീപനം. ജനങ്ങള്‍ കോണ്‍ഗ്രസിനെ നിരാകരിക്കും. വരുന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പൂജ്യം സീറ്റാണ് ലഭിക്കുക. തന്നെ പരിഹസിച്ച പ്രിയങ്കാ ഗാന്ധിയെയും അദ്ദേഹം കടന്നാക്രമിച്ചു. ലാഖിംപൂര്‍ ഖേരിയിലെ പ്രതിഷേധത്തില്‍ അഖിലേഷിനെ കണ്ടില്ലല്ലോയെന്ന് പ്രിയങ്കാ ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.