കാഞ്ഞങ്ങാട്: പെരിയ ഇരട്ടക്കൊലക്കേസില്‍ മുന്‍ എംഎല്‍എ കെ.വി കുഞ്ഞിരാമനെയും പ്രതിചേര്‍ത്തു. ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത് 14 പേര്‍ക്കുപുറമേ 10 പേരെ കൂടി കേസില്‍ പ്രതി ചേര്‍ത്തെന്ന് സിബിഐ കോടതിയില്‍ അറിയിച്ചു. അഞ്ചുപേരുടെ അറസ്റ്റ് രേഖപ്പെടുത്തിയെന്നും മറ്റുള്ളവരുടെ അറസ്റ്റ് ആവശ്യമില്ലെന്നും സിബിഐ അറിയിച്ചു. 01/12/21 ബുധനാഴ്ച സിബിഐ അറസ്റ്റുചെയ്ത പ്രതികളെ എറണാകുളം സിജെഎം കോടതി റിമാന്‍ഡ് ചെയ്തു. നിലവില്‍ കാസര്‍ഗോഡ് ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ് കെ വി കുഞ്ഞിരാമന്‍.
പ്രതികള്‍ക്കെതിരെ ലഘുവായ കുറ്റങ്ങള്‍ മാത്രമാണുള്ളതെന്നാണ് അന്വേഷണ സംഘം കോടതിയെ അറിയിച്ചിരിക്കുന്നത്. സിപിഐഎം ഏച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറി രാജു, ഏച്ചിലടക്കം സ്വദേശികളായ വിഷ്ണു സുര, ശാസ്ത മധു, റെജി വര്‍ഗീസ്, ഹരിപ്രസാദ് എന്നിവരാണ് ബുധനാഴ്ച അറസ്റ്റിലായത്.
ഇവര്‍ക്ക് കൊലപാതകത്തിലെ ഗൂഡാലോചയില്‍ പങ്കുണ്ടെന്നാണ് സിബിഐ കണ്ടെത്തല്‍. കൃപേഷിന്റെയും ശരത് ലാലിന്റെയും യാത്രാവിവരങ്ങള്‍ പ്രതികള്‍ക്ക് കൈമാറുക, ആയുധങ്ങള്‍ സമാഹരിച്ചു നല്‍കുക, വാഹന സൗകര്യം ഏര്‍പ്പെടുത്തി നല്‍കുക തുടങ്ങിയ കുറ്റങ്ങള്‍ പ്രതികള്‍ ചെയ്തെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
2019 ഫെബ്രുവരി 17നാണ് കാസര്‍കോട് പെരിയ കല്ല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. കേസില്‍ സിപിഐഎം ഏരിയ സെക്രട്ടറിയും ലോക്കല്‍ സെക്രട്ടറിയും ഉള്‍പ്പെടെ 14 പേരെ ക്രൈംബ്രാഞ്ച് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഹൈക്കോടതിയാണ് കേസ് സിബിഐക്ക് വിട്ടത്.