ദുബായ്: രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ ടെസ്റ്റ് ഓള്‍റൗണ്ടര്‍മാരുടെ റാങ്കിങ്ങില്‍ ഇന്ത്യയുടെ രവീന്ദ്ര ജഡേജ രണ്ടാം സ്ഥാനത്ത്. ന്യൂസിലന്‍ഡിനെതിരേ കാണ്‍പൂരില്‍ നടന്ന ഒന്നാം ടെസ്റ്റിലെ മികച്ച പ്രകടനത്തോടെ ജഡേജ മൂന്നില്‍നിന്നു രണ്ടിലെത്തി.
ബൗളര്‍മാരുടെ റാങ്കിങ്ങില്‍ രണ്ട് സ്ഥാനങ്ങള്‍ കയറി 19 ലെത്താനും ജഡേജയ്ക്കായി. ഇന്ത്യയുടെ തന്നെ ആര്‍. അശ്വിന്‍ ഓള്‍റൗണ്ടര്‍മാരില്‍ മൂന്നാമതും ബൗളര്‍മാരില്‍ 79 -ാമനുമാണ്. കാണ്‍പൂര്‍ ടെസ്റ്റില്‍ മികച്ച പ്രകടനം പുറത്തെടുത്ത ന്യൂസിലന്‍ഡ് ഓപ്പണര്‍ ടോം ലാതം (95,52) ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ആദ്യ പത്തില്‍ തിരിച്ചെത്തി. 14-ാം സ്ഥാനത്തുനിന്ന് ഒന്‍പതിലെത്താന്‍ ന്യൂസിലന്‍ഡ് താരത്തിനായി. ബംഗ്ലാദേശിനെതിരേ ചിറ്റോഗ്രാമില്‍ നടന്ന ഒന്നാം ടെസ്റ്റില്‍ മികച്ച ബൗളിങ് പുറത്തെടുത്ത പാകിസ്താന്‍ പേസര്‍ ഷഹീന്‍ ഷാ അഫ്രീഡി കരിയറില്‍ ആദ്യമായി ആദ്യ അഞ്ചിലെത്തി. മത്സരത്തിലാകെ ഏഴ് വിക്കറ്റെടുത്ത താരം മൂന്ന് സ്ഥാനങ്ങള്‍ അഞ്ചാമനായി.
ജെയിംസ് ആന്‍ഡേഴ്സണ്‍, കാഗിസോ റബാഡ, നീല്‍ വാഗ്നര്‍ എന്നിവരെയാണു ഷഹീന്‍ പിന്തള്ളിയത്. ചിറ്റോഗ്രാം ടെസ്റ്റ് പാകിസ്താന്‍ എട്ട് വിക്കറ്റിനു ജയിച്ചു. സഹതാരം ഹസന്‍ അലിയും കരിയറില്‍ മുന്നേറി. ആകെ ഏഴ് വിക്കറ്റെടുത്ത ഹസന്‍ അലി അഞ്ച് സ്ഥാനങ്ങള്‍ കയറി 11 ലെത്തി. 14-ാം സ്ഥാനക്കാരനായതാണു ഹസന്‍ അലിയുടെ മികച്ച പ്രകടനം. ന്യൂസിലന്‍ഡ് പേസര്‍ കെയ്ല്‍ ജാമിസണ്‍ ആറ് സ്ഥാനങ്ങള്‍ കയറി ഒന്‍പതിലെത്തി.

