ഷാഹി ഈദ്ഗാഹ് മോസ്‌കിനടുത്ത് കൃഷ്ണ ക്ഷേത്രം? യു.പി. ഉപമുഖ്യമന്ത്രിയുടെ പരാമര്‍ശം വിവാദത്തില്‍

ലഖ്നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരവേ, ശ്രീകൃഷ്ണന്റെ ജന്മസ്ഥലമെന്നു വിശ്വസിക്കപ്പെടുന്ന മഥുരയില്‍ ക്ഷേത്രം നിര്‍മിക്കുമെന്ന സൂചനയുമായി യു.പി. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ. കൃഷ്ണജന്മഭൂമിയെന്നു കരുതുന്ന സ്ഥലത്തിനു സമീപത്താണു പ്രശസ്തമായ ഷാഹി ഈദ്ഗാഹ് മോസ്‌ക്.’അയോധ്യയിലും കാശിയിലും ക്ഷേത്രനിര്‍മാണം നടക്കുന്നു. മഥുരയില്‍ അതിനുള്ള ഒരുക്കങ്ങളും” – ഇന്നലെ രാവിലെ മൗര്യ ട്വീറ്റ് ചെയ്തു. തിങ്കളാഴ്ച മഥുരയിലേക്കു മാര്‍ച്ച് നടത്തുമെന്ന് അഖില ഭാരത് ഹിന്ദു മഹാസഭ പ്രഖ്യാപിച്ചതിനു പിന്നാലെയാണു മൗര്യയുടെ ട്വീറ്റ്. കൃഷ്ണജന്മഭൂമി വിവാദം ഉയര്‍ത്തിക്കൊണ്ടു വരാനുള്ള നീക്കങ്ങളുടെ ഭാഗമാണിതെന്നു കരുതപ്പെടുന്നു.

‘കൃഷ്ണജന്മഭൂമി’യില്‍ അവകാശം ഉന്നയിച്ചും ക്ഷേത്രത്തിനടുത്തുള്ള മോസ്‌ക് നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജി കഴിഞ്ഞ വര്‍ഷം മഥുരയിലെ ഒരു സിവില്‍ കോടതി തള്ളിയിരുന്നു. ശ്രീകൃഷ്ണ ജന്മസ്ഥാന്‍ സേവാ സമിതിയും ഷാഹി ഈദ്ഗാഹ് മാനേജിങ് കമ്മിറ്റിയും തമ്മിലുള്ള ഭൂമി ഇടപാടിന് അംഗീകാരം നല്‍കിയ 1967-ലെ കോടതിവിധി റദ്ദാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ക്ഷേത്രത്തിനടുത്ത് മോസ്‌കിന് അനുവാദം നല്‍കുന്നതാണ് അന്നത്തെ ഭൂമി ഇടപാട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →