കൊച്ചി: കൊച്ചിയിൽ മോഡലുകൾ അപകടത്തിൽ മരിച്ച സംഭവത്തിൽ, അപകടത്തിൽപ്പെട്ട കാറിനെ പിന്തുടർന്ന കാറിന്റെ ഡ്രൈവർ സൈജു തങ്കച്ചനെ പൊലീസ് അറസ്റ്റ് ചെയ്തു. അപകടത്തിലേക്ക് നയിച്ച പ്രവൃത്തിക്കും, സ്ത്രീകളെ അനുവാദം കൂടാതെ പിന്തുടർന്നതിനുമുള്ള കുറ്റങ്ങൾ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കളമശേരിയിൽ മെട്രോ പൊലീസ് സ്റ്റേഷനിൽ സൈജു ചെയ്യലിന് ഹാജരായിരുന്നു. സൈജുവിനെ ഏഴ് മണിക്കൂറോളം ചോദ്യം ചെയ്തതിന് ശേഷമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
അപകട ദിവസം ഹോട്ടലിലെ ഡിജെ പാർട്ടിക്ക് ശേഷം സൈജു മോഡലുകൾ സഞ്ചരിച്ച കാർ പിന്തുടർന്നതായാണ് വിവരം. അപകടവിവരം ഹോട്ടലിൽ വിളിച്ചറിയിച്ചതും ഇയാളായിരുന്നു.
സംഭവത്തിൽ ഇയാൾ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപിച്ചിരുന്നു. സൈജു തങ്കച്ചൻ കേസിൽ ഇതുവരെ പ്രതിയല്ലെന്നായിരുന്നു മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചപ്പോൾ സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. 23നായിരുന്നു മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിച്ചത്.
താൻ കേസിൽ പ്രതിയല്ലെന്നും ഹോട്ടലിൽ വച്ച് പരിചയപ്പെട്ട ഡ്രൈവർ അബ്ദുൾ റഹ്മാനെ മദ്യപിച്ച് വാഹനം ഓടിക്കരുതെന്ന് ഉപദേശിക്കുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു സൈജുവിന്റെ വാദം.
ഹോട്ടലിൽ നിന്ന് കാക്കനാട്ടെ വീട്ടിലേക്ക് മടങ്ങുമ്പോൾ ചക്കരപറമ്പിൽ അപകടം ശ്രദ്ധയിൽ പെട്ടെന്നും ഉടൻ പൊലീസിനെ അറിയിച്ചെന്നും സൈജു ബോധിപ്പിച്ചു. താൻ വാഹനത്തെ പിന്തുടർന്നതാണ് അമിത വേഗത്തിൽ കാർ ഓടിക്കാൻ കാരണമെന്ന് അബ്ദുൾ റഹ്മാൻ പറഞ്ഞതായി മാധ്യമങ്ങളിൽ നിന്നാണ് മനസിലായതെന്നും പൊലീസ് അറസ്റ്റ് ചെയ്യാനും മൂന്നാം മുറ പ്രയോഗിക്കാനും സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഇയാൾ ഹർജി സമർപിച്ചത്.

