ആലപ്പുഴ: ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിന്റെ പരിധിയില്‍ വരുന്ന ആലപ്പുഴ ജില്ലയിലെ സ്ഥാപനങ്ങള്‍ രജിസ്ട്രേഷന് നടപടികള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കണമെന്ന് ജില്ലാ കളക്ടര്‍ എ. അലക്സാണ്ടര്‍ ഉത്തരവിട്ടു.
ജില്ലയില്‍ നിലവില്‍ 465 സ്ഥാപനങ്ങള്‍ മാത്രമേ രജിസ്റ്റര്‍ ചെയ്തിട്ടുള്ളൂ. ഗവണ്മെന്റ്, സ്വകാര്യ ആശുപത്രികള്‍, ക്ലിനിക്കുകള്‍, ദന്തല്‍ ക്ലിനിക്കുകള്‍, ലബോറട്ടറികള്‍ സര്‍ക്കാര്‍-സ്വകാര്യ മേഖലകളിലെ മറ്റു മെഡിക്കല്‍ അനുബന്ധ സ്ഥാപനങ്ങള്‍ (അലോപ്പതി, ഹോമിയോ, ആയുര്‍വേദം, നാച്ചുറോപ്പതി, സിദ്ധ, യുനാനി) തുടങ്ങിയവ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിന്റെ പരിധിയിലാണ്.
മുന്‍പ് രണ്ടു വര്‍ഷത്തേക്കായിരുന്നു താത്കാലിക രജിസ്ട്രേഷന് നല്‍കിയിരുന്നത്. കോവിഡ് സാഹചര്യത്തില്‍ നാലു വര്‍ഷമായി നീട്ടിയിട്ടുണ്ട്. ജില്ലാ കളക്ടര്‍ ചെയര്‍മാനായ ജില്ലാ രജിസ്ട്രേഷന് അതോറിറ്റിയിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ജില്ലാ മെഡിക്കല്‍ ഓഫീസറാണ് അതോറിറ്റി വൈസ് ചെയര്‍പേഴ്സണ്‍.
രജിസ്ട്രേഷന് നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്റ്റ് പ്രകാരം നിയമനടപടികള്‍ സ്വീകരിക്കാന്‍ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന രജിസ്ട്രേഷന് അതോറിറ്റി യോഗം തീരുമാനിച്ചു.
യോഗത്തില്‍ അതോറിറ്റി കണ്‍വീനര്‍ ഡോ. ദിലീപ് കുമാര്‍, അംഗങ്ങളായ ഡോ. സംഗീത ജോസഫ്, ഡോ. ടി.ജി. സിജി തുടങ്ങിയവര്‍ പങ്കെടുത്തു. സ്ഥാപനങ്ങള്‍ക്ക് www.clinicalestablishments.kerala.gov.in എന്ന ലിങ്കില്‍ രജിസ്ട്രേഷന് നടത്താം.

