ദത്ത് വിവാദം; അനുപമയുടെ അച്ഛൻ ജയചന്ദ്രന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി; ജയചന്ദ്രന്റേത് സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണെന്ന് കോടതി

തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ദത്തു നൽകിയ കേസിലെ ഒന്നാം പ്രതിയും അനുപമയുടെ അച്ഛനുമായ ജയചന്ദ്രന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. തിരുവനന്തപുരം അഡീ.സെഷൻസ് കോടതിയാണ് അപേക്ഷ തള്ളിയത്.

പി.എസ്. ജയചന്ദ്രന് മുൻകൂർ ജാമ്യം ആവശ്യമില്ലെന്നാണ് കോടതിയുടെ നിരീക്ഷണം. പൊലീസ് റിപ്പോർട്ട് അനുസരിച്ച് ജയചന്ദ്രന്റേത് സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണെന്നും കോടതി ചൂണ്ടിക്കാട്ടി. കേസിലെ ഒന്നാം പ്രതിയാണ് ജയചന്ദ്രൻ. അനുപമയുടെ അമ്മയടക്കമുള്ളവർക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.

അതേസമയം, സംഭവത്തില്‍ ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറിയായ ഷിജുഖാനെ സംരക്ഷിച്ച് സി.പി.എം നേതൃത്വം രംഗത്തുവന്നു.

ഷിജുഖാന്റെ ഭാഗത്തുനിന്ന് നിയമപരമായ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു. കുറ്റം തെളിയാത്ത പശ്ചാത്തലത്തില്‍ ആരെങ്കിലും സമരം ചെയ്യുന്നു എന്ന് കരുതി നടപടി എടുക്കാനാവില്ല. ഇനിയുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് കോടതിയാണെന്നും ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു.

Share
അഭിപ്രായം എഴുതാം