സിഐ സുധീറിനെതിരെ പരാതിയുമായി കൂടുതൽപ്പേർ രംഗത്ത്

കൊച്ചി: ആലുവയിൽ നിയമ വിദ്യാർഥിനി മോഫിയ പർവീൺ ആത്മഹത്യ ചെയ്ത കേസിൽ സിഐ സുധീറിനു തൽക്കാലം ‘സ്ഥലം മാറ്റം’ മാത്രം. ഉന്നത രാഷ്ട്രീയ ഇടപെടൽ കാരണമാണു നടപടി സ്ഥലംമാറ്റത്തിൽ ഒതുക്കിയതെന്ന് യുവതിയുടെ പിതാവ് ആരോപിച്ചു

മോഫിയ ജീവനൊടുക്കിയ കേസിൽ, ഭർത്താവിന്റെയും ഭർതൃ മാതാപിതാക്കളുടെയും അറസ്റ്റ് രേഖപ്പെടുത്തി. ഗാർഹിക പീഡന പരാതിയിൽ യുവതിയുടെ ഭർത്താവ് മുഹമ്മദ്‌ സുഹൈലിന്റെയും അച്ഛൻ യൂസഫിന്റെയും അമ്മ റുഖിയയുടെയും അറസ്റ്റ് രേഖപ്പെടുത്തി. 3 പേർക്കും എതിരെ ആത്മഹത്യാ പ്രേരണ കുറ്റവും ചുമത്തി. മനുഷ്യാവകാശ കമ്മിഷൻ അന്വേഷണത്തിന് ഉത്തരവിട്ടു.

അതേസമയം സുധീറിനെതിരെ പരാതിയുമായി കൂടുതൽപ്പേർ രംഗത്തെത്തി. മകളുടെ പരാതിയുമായി ചെന്നപ്പോൾ സിഐ മോശമായി പെരുമാറിയെന്ന് തിരുവനന്തപുരം സ്വദേശിനിയായ പരാതിക്കാരി പറഞ്ഞു.എതിർകക്ഷിയോടൊപ്പം ചേർന്നു ഭീഷണിപ്പെടുത്തിയെന്നും സിഐയെ സംരക്ഷിച്ചതു മുൻമന്ത്രിയെന്നും പരാതിക്കാരി ആരോപിച്ചു.ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിട്ടും ഒന്നിലേറെ യുവതികൾ സിഐ സുധീറിനെതിരെ രംഗത്തുവന്നിട്ടും സുധീറിനെ സംരക്ഷിക്കുന്ന നടപടിയാണു സർക്കാർ കൈക്കൊണ്ടത്.

സുധീറിനെ തിരുവനന്തപുരം ഹെഡ് ക്വാട്ടേർസിലേക്കാണു സ്ഥലംമാറ്റിയത്. പൊലീസിൽ നിന്ന് അറിയിപ്പ് വന്നതോടെ, മോഫിയയുടെ പിതാവ് പൊട്ടിത്തെറിച്ചു. മകളുടെ ആത്മഹത്യയ്ക്കു കാരണക്കാരനായ സിഐ സുധീറിനെതിരെ ശക്തമായ നടപടി എടുത്തില്ലെങ്കിൽ പ്രതിഷേധം തുടങ്ങുമെന്നും ദിൽഷാദ് വ്യക്തമാക്കി. കേസിൽ മനുഷ്യാവകാശ കമ്മിഷൻ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു.

ആലുവ റൂറൽ എസ്പി അന്വേഷണം നടത്തി നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് നിർദേശിച്ചത്. യുവജന കമ്മിഷൻ അധ്യക്ഷ ചിന്താ ജെറോമും കമ്മിഷൻ അംഗങ്ങളും ആലുവയിൽ യുവതിയുടെ വീട് സന്ദർശിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →