ഫറ്റോര്‍ദ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ എട്ടാം സീസണിലെ രണ്ടാം മത്സരത്തിന് കേരളാ ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും.ഫറ്റോര്‍ദയിലെ ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ വൈകിട്ട് 7.30 മുതലാണു മത്സരം. തന്റെ ലക്ഷ്യം അറ്റാക്ക് ഫുട്ബോള്‍ കളിക്കുക മാത്രമാണെന്നു ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാന്‍ വുകമാനോവിച് പ്രഖ്യാപിച്ചു. തന്റെ നയം ”അറ്റാക്ക് അറ്റാക്ക്” എന്നാണ്.
ടീം ചിലപ്പോള്‍ പ്രതിരോധത്തിലേക്കു വലിയേണ്ട സാഹചര്യമുണ്ടാകുമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. എ.ടി.കെ. മോഹന്‍ ബഗാനെതിരേ തുടക്കത്തില്‍ തന്നെ ഗോള്‍ വഴങ്ങിയതു തിരിച്ചടിയായെന്നും ഇവാന്‍ വുകമാനോവിച് പറഞ്ഞു. ടീമിനെ അറ്റാക്കിങ് ടീമാക്കാനാണ് ആഗ്രഹം. 1-0 എന്ന സ്‌കോറിന് ജയിക്കുന്നതിനെക്കാള്‍ ഇഷ്ടപ്പെടുന്നത് 5-3 നു ജയിക്കാനാണെന്നും അദ്ദേഹം പറഞ്ഞു. അറ്റാക്കിങ് ഫുട്ബോളാണ് എന്നും രസകരം. യുവതാരങ്ങളെ അറ്റാക്കിങ് താരങ്ങളാക്കി വളര്‍ത്താന്‍ ക്ലബ് ശ്രമിക്കും എന്നും ഇവാന്‍ പറഞ്ഞു.
നോര്‍ത്ത് ഈസ്റ്റിനെ നേരിടുമ്പോള്‍ ടീം വിജയ വഴിയിലേക്കു വരുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചു. പരുക്കേറ്റു പുറത്തായ കെ.പി. രാഹുല്‍ ഒഴിച്ചുള്ള ടീം മുഴുവന്‍ പൂര്‍ണ ഫിറ്റാണെന്നും അദ്ദേഹം പറഞ്ഞു.നോര്‍ത്ത് ഈസ്റ്റും ബ്ലാസ്റ്റേഴ്സും തമ്മില്‍ ഇതുവരെ 14 തവണ ഏറ്റുമുട്ടി. അഞ്ചു ജയങ്ങള്‍ കുറിച്ച ബ്ലാസ്റ്റേഴ്സിന് മുന്‍തൂക്കമുണ്ട്. മൂന്ന് ഹോം രണ്ട് എവേ ജയങ്ങളാണ് ആകെ കുറിച്ചത്. നോര്‍ത്ത് ഈസ്റ്റിന്റെ നാല് ജയങ്ങളും സ്വന്തം തട്ടകത്തിലായിരുന്നു.
അവസാനം നടന്ന അഞ്ച് മത്സരങ്ങളില്‍ നാലും സമനിലയായി. കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് 2-0 ത്തിനു ജയിച്ചിരുന്നു. നോര്‍ത്ത് ഈസ്റ്റ് അഞ്ചും ബ്ലാസ്റ്റേഴ്സ് മൂന്നും ഗോളുകളടിച്ചു. നോര്‍ത്ത് ഈസ്റ്റിനെതിരേ എന്തായാലും ജയിക്കുമെന്നു ബ്ലാസ്റ്റേഴ്സ് താരം അഡ്രിയന്‍ ലുണ പ്രഖ്യാപിച്ചു. ആദ്യ മത്സരം തോറ്റതില്‍ നിരാശയുണ്ടെങ്കിലും തങ്ങള്‍ മികച്ച രീതിയിലാണു കളിച്ചതെന്നു വിശ്വസിക്കുന്നതായി ലൂണ പറഞ്ഞു. ആരാധകര്‍ക്കു സന്തോഷമാകുന്ന തരത്തില്‍ ജയിക്കേണ്ടതുണ്ടെന്നും ലൂണ പറഞ്ഞു. നമ്പര്‍ 10 ആയി കളിക്കാനാണ് ഇഷ്ടപ്പെടുന്നത്. അവിടെ കളിക്കുമ്പോള്‍ ഒരുപാട് സ്വാതന്ത്ര്യം ലഭിക്കും. പക്ഷേ ഏതു പൊസിഷനിലും ടീമിനായി കളിക്കാന്‍ തയാറാണെന്നും ലൂണ പറഞ്ഞു.

