എറണാകുളം: ഇ-ശ്രം പദ്ധതിയിലേക്ക് അർഹരായ മുഴുവൻ പേരെയും രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചു. കാക്കനാട് പ്രിയദർശനി ഹാളിൽ നടന്ന പഞ്ചായത്ത്, ബ്ലോക്ക് പ്രസിഡന്റുമാരുടെയും സെകട്ടറിമാരുടെയും ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസർ മാരുടെയും സംയുക്തയോഗത്തിൽ
ഇ -ശ്രം രജിസ്ട്രേഷനെ കുറിച്ചുള്ള കാര്യങ്ങൾ ജില്ല ലേബർ ഓഫീസർ
പി.എം.ഫിറോസ് വിശദികരിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അധ്യക്ഷത വഹിച്ചു. ഇ-ശ്രം രജിസ്ട്രേഷൻ വർധിപ്പിക്കുന്നതിനായി തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിൽ സഞ്ചരിക്കുന്ന രജിസ്ട്രേഷൻ വാഹനത്തിന്റെ ഫ്ലാഗ് ഓഫും നിർവഹിച്ചു. ദേശീയ തലത്തിൽ അസംഘടിത തൊഴിലാളികളുടെ ഡാറ്റാബേസ് തയ്യാറാക്കുന്നതിനും ഇതിലൂടെ ഭാവിയിൽ വിവിധ സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ ആനുകൂല്യം ലഭ്യമാക്കുന്നതിനും തൊഴിൽ കാർഡ് നൽകുന്നതിനുമായാണ് ഇ- ശ്രം രജിസ്ട്രേഷൻ.
ഈ മാസം 20 മുതൽ അടുത്ത മാസം 20 വരെ തൊഴിലാളികൾക്കിടയിൽ രജിസ്ട്രേഷന്‍ നടപടികള്‍ സാധ്യമാക്കുന്നതിനുള്ള കർമപദ്ധതികൾക്ക് രൂപം നൽകാൻ
ജില്ലാ കളക്ടർ ജാഫർ മാലിക്കിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചിരുന്നു. ട്രേഡ് യൂണിയൻ ഭാരവാഹികൾക്കും വ്യാപാര സംഘടന പ്രതിനിധികൾക്കും, ജോയിന്റ് ബി. ഡി. ഓ മാർക്കും നേരത്തേ പരിശീലന പരിപാടികൾ സംഘടിപ്പിച്ചിരുന്നു