ആലപ്പുഴ: സ്വയം പര്യാപ്തത ലക്ഷ്യമിട്ട് വയലാര്‍ ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ച കരനെല്‍ കൃഷിയുടെ വിളവെടുപ്പിന് തുടക്കമായി. 14ാം വാര്‍ഡില്‍ നാരായണപ്പണിക്കരുടെ 20 സെന്റ് സ്ഥലത്തെ കൃഷിയുടെ വിളവെടുപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കവിത ഷാജി ഉദ്ഘാടനം ചെയ്തു.
വിവിധ വാര്‍ഡുകളിലെ രണ്ടു ഹെക്ടറോളം സ്ഥലത്തെ വിളവെടുപ്പും വരും ദിവസങ്ങളില്‍ നടക്കും.
കൃഷി നടത്തുന്നതിന് അത്യുല്പാദനശേഷിയുള്ള ഉമ ഇനത്തില്‍പെട്ട വിത്തുകള്‍ കൃഷിഭവന് മുഖേന സൗജന്യമായാണ് നല്‍കിയത്. സെപ്റ്റംബര്‍ ആദ്യവാരം ആരംഭിച്ച കൃഷിക്ക് പിന്തുണയും കൂലി ചെലവും കൃഷിവകുപ്പ് ലഭ്യമാക്കി.
പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ കരനെല്‍കൃഷി വിജയം നേടിയ സാഹചര്യത്തില്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും കര്‍ഷകര്‍ക്ക് പിന്തുണ ഉറപ്പാക്കുമെന്നും വയലാര്‍ കൃഷി ഓഫീസര്‍ ബി. സാബിര്‍ പറഞ്ഞു.
പഞ്ചായത്തിലെ കാര്‍ഷിക സംഘമായ അഗ്രി മാന്‍പവര്‍ ഒരു ഹെക്ടര്‍ സ്ഥലത്ത് ചെയ്യുന്ന പച്ചക്കറി കൃഷിയുടെ നടീല്‍ ഉദ്ഘാടനവും പ്രസിഡന്റ് നിര്‍വഹിച്ചു. കൃഷിക്കാവശ്യമായ ഹൈബ്രിഡ് തൈകളും സാങ്കേതിക സഹായങ്ങളും കൃഷിഭവന് ഉറപ്പാക്കിയിട്ടുണ്ട്.

