കോട്ടയം: ഓട്ടിസം ചികിത്സയ്ക്ക് എത്തുന്ന കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും മാനസിക സന്തോഷം പകർന്നു നൽകുന്നതിനായി കുട്ടികളുടെ ആശുപത്രിയിൽ മിയാമി പാർക്കും സെൻസറി ഗാർഡനും നിർമ്മിച്ചത് മഹത്തായ ദൗത്യമാണെന്ന് സഹകരണ രജിസ്ട്രേഷൻ വകുപ്പു മന്ത്രി വി.എൻ വാസവൻ പറഞ്ഞു.
ജനകീയാസൂത്രണത്തിന്റെ രജത ജൂബിലിയുടെ ഭാഗമായി ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തും തൊഴിലുറപ്പ് പദ്ധതിയും ചേർന്ന് നിർമ്മാണം പൂർത്തീകരിച്ച മിയാമി പാർക്ക് ആൻഡ് സെൻസറി ഗാർഡൻ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ചികിത്സയോടൊപ്പം ഉൻമേഷഭരിതമായ കാഴ്ചകളും അനുഭവങ്ങളും ലഭിക്കുന്നത്
കുട്ടികളുടെ മനസിലും മസ്തിഷ്ക്കത്തിലും പ്രയോജനപ്രദമായ മാറ്റങ്ങളുണ്ടാക്കും. ഇത് മനസ്സിലാക്കി ഇത്തരമൊരു അഭിമാന സംരംഭത്തിന് മുൻകൈയെടുത്ത ആശുപത്രി അധികൃതരേയും ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിനെയും അദ്ദേഹം അഭിനന്ദിച്ചു.
പദ്ധതി വിഭാവനം ചെയ്ത മുൻ ഐ.സി.എച്ച് സൂപ്രണ്ട് ഡോ.പി.സവിത, ദാരിദ്ര ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടർ പി.എസ്.ഷിനോ, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ എക്സ്റ്റൻഷൻ ഓഫീസർ ബിലാൽ കെ റാം, പാർക്ക് നിർമ്മാണം നടത്തിയ കോസ്റ്റ് ഫോർഡ് ടീം എന്നിവരെ ചടങ്ങിൽ ആദരിച്ചു.
ഒരേക്കർ സ്ഥലത്താണ് പൂച്ചെടികളും പൂമരങ്ങളും ഫലവൃക്ഷങ്ങളും നട്ടുപിടിപ്പിച്ചിരിക്കുന്നത്. ഗന്ധമുള്ള പൂക്കള്‍ ഉണ്ടാകുന്ന പാല,നാരകം,ചെമ്പകം എന്നിവയ്ക്കാണ് ഉദ്യാനത്തിൽ മുൻഗണന നൽകിയിരിക്കുന്നത്. സ്ഥലത്ത് നിർമ്മിച്ചിരിക്കുന്ന പാർക്കിൽ ചെറിയ മുളങ്കാടുകളും ശലഭോദ്യാനവും പാർക്കിന്റെ മാറ്റ് കൂട്ടുന്നു. പ്രത്യേക നടപ്പാതകളും വിശ്രമ സ്ഥലങ്ങളും നിർമ്മിച്ചിട്ടുണ്ട്. ആഴമില്ലാത്ത കുളം, മൃഗങ്ങളുടെ ശില്‍പ്പങ്ങള്‍ ,ഊഞ്ഞാല്‍, മറ്റ് വിനോദോപാധികള്‍ തുടങ്ങിയവ പാര്‍ക്കിനെ ആകര്‍ഷകമാക്കുന്നു.
ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ അധ്യക്ഷയായി. കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.കെ.പി. ജയകുമാർ, ഐ.സി.എച്ച് സൂപ്രണ്ട് ഡോ. കെ.പി. ജയപ്രകാശ് , േബ്ലാക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് കോട്ടൂർ,
അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബിജു വലിയമല, ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.കെ ഷാജിമോൻ, കവിത ലാലു, ജെസ്സി നൈനാൻ, ജില്ലാ പഞ്ചായത്തംഗം അന്നമ്മ മാണി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജയിംസ് കുര്യൻ, എസ്സി തോമസ്, സവിത ജോമോൻ, രതീഷ് കെ.വാസു, മേഖലാ ജോസഫ്, ആൻസ് വർഗ്ഗീസ്, എ.എം.ബിന്നു, അതിരമ്പുഴ ഗ്രാമപഞ്ചായത്തംഗം ജയിംസ് തോമസ്, മെഡിക്കൽ കോളേജ് വികസന സമിതി അംഗം കെ.എൻ.വേണുഗോപാൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു