കോട്ടയം: ഓർത്തഡോക്സ്- യാക്കോബായ സഭാ തർക്കം തീർക്കാനുള്ള ജസ്റ്റിസ് കെ ടി തോമസിന്റെ നിർദ്ദേശങ്ങളിൽ എതിർപ്പ് അറിയിച്ച് ഓർത്തഡോക്സ് സഭ. ജസ്റ്റിസ് തോമസ് യാക്കോബായ വിഭാഗത്തെ പിന്താങ്ങുന്നുവെന്നാണ് ഓർത്തഡോക്സ് സഭയുടെ വിമർശനം.
കോടതി വിധികൾ എല്ലാം ഓർത്തഡോക്സ് സഭയ്ക്ക് അനുകൂലമാണ്. മറുവിഭാഗത്തിന്റെ എല്ലാ വാദങ്ങളും കോടതി തള്ളിയതാണ്. എന്നിട്ടും ജസ്റ്റിസ് തോമസിന്റെ നിർദ്ദേശങ്ങൾ യാക്കോബായ വിഭാഗത്തെ പിന്താങ്ങുന്നതാണെന്ന് ഓർത്തഡോക്സ് സഭ വിമർശിക്കുന്നു. ജസ്റ്റിസ് കെ ടി തോമസിനെതിരെ നാളെ പള്ളികളിൽ പ്രമേയം പാസാക്കും. പ്രമേയങ്ങൾ മുഖ്യമന്ത്രി പിണറായി വിജയന് അയച്ചു കൊടുക്കും. കത്ത് ആയും ഇ മെയിൽ ആയും മുഖ്യമന്ത്രിയോട് പ്രതിഷേധം അറിയിക്കാനാണ് സഭ നിർദ്ദേശിച്ചിരിക്കുന്നത്. മലങ്കര അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ ആണ് നിർദ്ദേശം നൽകിയിരിക്കുന്നത്. തർക്കമുള്ള പള്ളികളിൽ ഹിതപരിശോധന നടത്തണമെന്നായിരുന്നു ജസ്റ്റിസ് കെ ടി തോമസ് അധ്യക്ഷനായ ഭരണപരിഷ്കാര കമ്മീഷന്റെ നിർദ്ദേശം.
അതേസമയം, ഓർത്തഡോക്സ് – യാക്കോബായ സഭാ തർക്ക കേസുകൾ പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പിൻമാറണമെന്ന് യാക്കോബായ സഭ അഭിഭാഷകൻ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. യാക്കോബായ സഭയ്ക്കായി ഹാജരാകുന്ന അഡ്വ. മാത്യുസ് നെടുമ്പാറയാണ് ഹൈകോടതിയിൽ ഈ ആവശ്യം ഉന്നയിച്ചത്. അനുമതിയില്ലാതെ വാദത്തിൽ ഇടപെട്ടാൽ മാത്യൂസ് നെടുമ്പാറയ്ക്കെതിരെ നടപടി സ്വീകരിക്കേണ്ടി വരുമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ മുന്നറിയിപ്പ് നൽകി.
കേസിൽ കക്ഷി ചേരാനുള്ള മാത്യൂസ് നെടുമ്പാറയുടെ അപേക്ഷ അംഗീകരിക്കരുതെന്ന് ഓർത്തഡോക്സ് സഭ ആവശ്യപ്പെട്ടു. നെടുമ്പാറയുടെ കക്ഷി യാക്കോബായ സഭ ഇടവകാംഗമല്ലെന്നും ഓർത്തഡോക്സ് വിഭാഗം വാദിച്ചു. സഭാ തർക്കക്കേസുകൾ വീണ്ടും വാദം കേൾക്കാനായി ഹൈക്കോടതി ഈ മാസം 24 ലേക്ക് മാറ്റിയിരിക്കുകയാണ്.

