പ്രണയ ബന്ധത്തിൽ നിന്ന് പിന്മാറിയ യുവാവിന്റെ മുഖത്ത് ആസിഡൊഴിച്ച യുവതി അറസ്റ്റിൽ

അടിമാലി : സമൂഹമാധ്യമങ്ങൾ വഴി പരിചയപ്പെട്ട യുവാവ് പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയതിന്റെ പേരിൽ യുവാവിന്റെ മുഖത്ത് ആസിഡൊഴിച്ചയുവതി അറസ്റ്റിലായി. ഇടുക്കി അടിമാലി മന്നാങ്കണ്ടം സ്വദേശി ഷീബയാണ് തിരുവനന്തപുരം സ്വദേശിയായ അരുണിന് നേരെ ആസിഡാക്രമണം നടത്തിയത്. സമൂഹമാധ്യമങ്ങളിലൂടെയുണ്ടായ ബന്ധം പ്രണയമായതോടെ യുവാവിനൊപ്പം മസിക്കാനായി തിരുവനന്തപുരത്തെത്തിയ ഷീബ ഹോം നഴ്സ് ആയി ജോലി നോക്കിയിരുന്നു.

എന്നാൽ ഷീബ വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണെന്ന് മനസിലാക്കിയതോടെ അരുൺ ബന്ധത്തിൽ നിന്ന് പിന്മാറുകയായിരുന്നു. ഇതറിഞ്ഞ ഷീബ യുവാവിനെ അടിമാലിയിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. തന്നെ കൂടെ കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടു. യുവാവ് പ്രണയബന്ധത്തിൽ നിന്ന് പിന്മാറാനും ഒപ്പം മറ്റൊരു വിവാഹത്തിനും ഒരുങ്ങിയതോടെ വീട്ടമ്മ പ്രകോപിതയാവുകയായിരുന്നു. 2021 നവംബർ 16 ചൊവ്വാഴ്ചയാണ് അരുൺകുമാറിനെതിരെ ആസിഡ് ആക്രമണമുണ്ടായത്.

അരുൺ വിവാഹാഭ്യർത്ഥന നിരസിച്ചതോടെ യുവതി കയ്യിൽ കരുതിയിരുന്ന ആസിഡ് മുഖത്തൊഴിക്കുകയായിരുന്നു. കൂട്ടുകാർക്കൊപ്പം കാറിലായിരുന്നു അരുൺ അടിമാലിയിൽ എത്തിയത്. അവർ ഇയാളെ ആദ്യം എറണാകുളത്തെ ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. അവിടെ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും. ആക്രമണത്തിൽ അരുണിന്റെ ഒരു കണ്ണിന്റെ കാഴ്ച പോയി. മുഖത്ത് സാരമായ പൊള്ളലുണ്ട്.

സംഭവശേഷം ഭർത്താവിന്റെ മുരിക്കാശ്ശേരിയുള്ള തറവാട് വീട്ടിൽ ഒളിച്ചുകഴിയുകയായിരുന്നു ഷീബ. ഇവിടെ നിന്നാണ് വൈകീട്ട് അഞ്ച് മണിയോടെ ഷീബയെ അടിമാലി പൊലീസ് അറസ്റ്റ് ചെയ്യുന്നത്. യുവതി യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ഇതിനോടകം പുറത്തുവന്നിരുന്നു,

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →