പാക് പ്രധാനമന്ത്രി ബഡേ ഭായ് എന്ന് സിദ്ദു: കോണ്‍ഗ്രസിന്റെ പ്രീണനരാഷ്ട്രീയത്തിന്റെ ഉദാഹരണമെന്ന് ബിജെപി

ന്യൂഡല്‍ഹി: പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ ‘ബഡേ ഭായ്’ (വല്ല്യേട്ടന്‍) എന്ന് വിശേഷിപ്പിച്ച് പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്ജ്യോത് സിങ് സിദ്ദു. പാകിസ്താനിലെ കര്‍താര്‍പുര്‍ സാഹിബ് ഗുരുദ്വാര സന്ദര്‍ശിക്കാനായി എത്തിയപ്പോഴായിരുന്നു സംഭവം. കര്‍താര്‍പുര്‍ ഇടനാഴിയിലൂടെ എത്തിയ സിദ്ദുവിനെ പാക് പ്രതിനിധി മുഹമ്മദ് ലതീഫ് പ്രസിഡന്റ് ഇമ്രാന്‍ ഖാന് വേണ്ടി സ്വാഗതം ചെയ്തു. സ്വീകരണത്തിനു നന്ദി പറഞ്ഞ സിദ്ദു, ഇമ്രാന്‍ ഖാന്‍ തന്റെ വല്ല്യേട്ടനെപ്പോലെയാണെന്നും പറഞ്ഞു. കോവിഡിനെ തുടര്‍ന്ന് അടച്ച കര്‍താര്‍പുര്‍ ഇടനാഴി വീണ്ടും തുറക്കുന്നതിനായി സിദ്ദു നടത്തിയ പരിശ്രമത്തെ ഇമ്രാന്‍ നേരത്തേ പ്രശംസിച്ചിരുന്നു.

പരാമര്‍ശം വിവാദമായതോടെ ബി.ജെ.പി. സിദ്ദുവിനെതിരേ രംഗത്തെത്തി. കോണ്‍ഗ്രസിന്റെ പ്രീണനരാഷ്ട്രീയത്തിന്റെ ഉദാഹരണമാണ് സിദ്ദുവിന്റെ നടപടിയെന്നു ബി.ജെ.പി. വക്താവ് സംബിത് പാത്ര വിമര്‍ശിച്ചു. പാകിസ്താന്‍ പ്രണയിയായതുകൊണ്ടാണ്‌ സൈനികനായ അമരിന്ദര്‍ സിങ്ങിനെക്കാള്‍ ഗാന്ധി സഹോദരങ്ങള്‍ക്ക് (രാഹുല്‍, പ്രിയങ്ക) സിദ്ദു പ്രിയങ്കരനായതെന്നു ബി.ജെ.പി. ഐടി സെല്‍ മേധാവി അമിത് മാളവ്യ ട്വീറ്റ് ചെയ്തു. കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി എം.പിയും സിദ്ദുവിന്റെ നടപടിയെ പരസ്യമായി വിമര്‍ശിച്ചു. ”ഇമ്രാന്‍ ഖാന്‍ പലരുടെയും വല്ല്യേട്ടനായിരിക്കാം. എന്നാല്‍, ഇന്ത്യയെ സംബന്ധിച്ച് പഞ്ചാബിലേയ്ക്ക് മയക്കുമരുന്നും കശ്മീരിലേയ്ക്ക് ഭീകരവാദവും കയറ്റിഅയയ്ക്കുന്നവരുടെ കൈയിലെ കളിപ്പാവ മാത്രമാണ്” -തിവാരി പ്രതികരിച്ചു. പൂഞ്ചില്‍ വീരമൃത്യു വരിച്ച നമ്മുടെ സൈനികരുടെ ത്യാഗം ഇത്രവേഗം മറക്കാന്‍ നമുക്ക് കഴിയുമോയെന്നും അദ്ദേഹം ചോദിച്ചു. നേരത്തെയും പാകിസ്താനും ഇമ്രാന്‍ ഖാനുമായും ബന്ധപ്പെട്ട് സിദ്ദു വിവാദത്തിലായിട്ടുണ്ട്. ഇമ്രാന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനായി സിദ്ദു പാകിസ്താന്‍ സന്ദര്‍ശിച്ചിരുന്നു. ഈ അവസരത്തില്‍ പാക്‌ സൈനിക മേധാവിയെ ആലിംഗനം ചെയ്ത സിദ്ദുവിന്റെ നടപടി വ്യാപക വിമര്‍ശനങ്ങള്‍ ക്ഷണിച്ചു വരുത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →