ലക്നൗ: ലഖിംപുര്‍ ഖേരി സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തിന് റിട്ടയേര്‍ഡ് ജഡ്ജി രാകേഷ് കുമാര്‍ ജെയിന് മേല്‍നോട്ടം വഹിക്കുമെന്ന് സുപ്രീംകോടതി. കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തെയും സുപ്രീംകോടതി പുനഃസംഘടിപ്പിച്ചു. മൂന്ന് മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥരെ സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എസ് ബി ഷിരോദ്കര്, ദീപീന്ദര്‍ സിങ്, പദ്മജ ചൗഹാന് എന്നിവരെയാണ് പുതുതായി അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തിയത്. പഞ്ചാബ് ഹരിയാന ഹൈക്കോടതിയില്‍ നിന്നും വിരമിച്ച ജഡ്ജിയാണ് ജസ്റ്റിസ് രാകേഷ് കുമാര്‍ ജെയിന്. കേസന്വേഷണത്തില്‍ സുതാര്യതയും നീതിയും സമ്പൂര്‍ണ്ണ നിഷ്പക്ഷതയും ഉറപ്പാക്കുമെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് രാകേഷ് കുമാര്‍ ജെയിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണസംഘം അന്വേഷണം തുടരുമെന്നും, പുതിയ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചശേഷം കേസ് വീണ്ടും പരിഗണിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.