ആലപ്പുഴ: എലിപ്പനി പ്രതിരോധം; ജില്ലയില്‍ 17ന് ഡോക്‌സി ദിനം

ആലപ്പുഴ: എലിപ്പനി പ്രതിരോധ നടപടികളുടെ ഭാഗമായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ആലപ്പുഴ ജില്ലയില്‍ സംഘടിപ്പിക്കുന്ന ഡോക്സിസൈക്ലിന്‍ കാന്പയിനിന്റെ ഭാഗമായി 2021 നവംബര്‍ 17ന് ഡോക്സി ദിനം ആചരിക്കും.

രാവിലെ 10ന് കളക്‌ട്രേറ്റില്‍ നടക്കുന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ എ. അലക്‌സാണ്ടര്‍, ജനപ്രതിനിധികള്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജമുന വര്‍ഗീസ്, വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികള്‍ തുടങ്ങിയവര്‍ ഡോക്‌സി സൈക്ലിന്‍ ഗുളിക കഴിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ആരോഗ്യ കേന്ദ്രങ്ങളുടെയും നേതൃത്വത്തില്‍ ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ ദിനാചരണം നടത്തും. എല്ലാവരും ഗുളിക കഴിച്ച് എലിപ്പനി പ്രതിരോധത്തില്‍ പങ്കുചേരണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

തുടര്‍ച്ചയായ മഴ മൂലം ജില്ലയില്‍ പല സ്ഥലങ്ങളിലും വെള്ളക്കെട്ട് നിലനില്‍ക്കുന്നുണ്ട്. മലിന ജലവും മണ്ണുമായി സന്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് രോഗം വരാനുള്ള സാധ്യത കൂടുതലാണ്. ഇങ്ങനെയുള്ളവര്‍ ആഴ്ചയിലൊരിക്കല്‍ 200 മില്ലിഗ്രാം ഡോക്‌സിസൈക്ലിന്‍ ഗുളിക കഴിക്കുണം. ഗുളിക സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ സൗജന്യമായി ലഭിക്കും. ആഹാരം കഴിച്ചതിനു ശേഷമാണ് ഗുളിക കഴിക്കേണ്ടത്.

ജില്ലയില്‍ കഴിഞ്ഞമാസം 25 പേര്‍ക്ക് എലിപ്പനി ബാധിച്ചു. 2021 ജനുവരി മുതല്‍ ഇതുവരെ രോഗം ബാധിച്ച് ആറു പേര്‍ മരിച്ചു. യഥാസമയം ശരിയായ ചികിത്സ ലഭിച്ചാല്‍ എലിപ്പനിമൂലമുള്ള മരണം ഒഴിവാക്കാവുന്നതാണ്.

വിവിധ വകുപ്പുകളേയും സ്ഥാപനങ്ങളെയും ഏകോപിപ്പിച്ച് എലിപ്പനി പ്രതിരോധം ഊര്‍ജ്ജിതമാക്കുന്നിനു മുന്നോടിയായി ആരോഗ്യ വകുപ്പിന്റെ നേതൃത്തില്‍ 2021 നവംബര്‍ 18 രാവിലെ 10.30ന് ശില്‍പശാല നടത്തും. ബ്രദേഴ്‌സ് ഹോട്ടല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ശില്‍പശാലയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, ജില്ലാ കളക്ടര്‍ എ. അലക്സാണ്ടര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →