ന്യൂഡല്‍ഹി: ഓരോ മേഖലയിലെയും വിദഗ്ധരെ ഉപയോഗപ്പെടുത്തി ഭരണനിര്‍വഹണം കാര്യക്ഷമവും മികച്ചതുമാക്കാന്‍ വകുപ്പ് മന്ത്രിമാരുടെ വിവിധ ഗ്രൂപ്പുകള്‍ക്ക് രൂപം നല്‍കി കേന്ദ്ര സര്‍ക്കാര്‍. ജൂനിയര്‍ മന്ത്രിമാരടക്കം മന്ത്രിസഭയിലെ 77 പേരെയും എട്ട് സംഘങ്ങളാക്കി തിരിച്ചാണ് റിസോഴ്‌സ് ബാങ്ക് തയ്യാറാക്കുന്നത്. ഓരോ ഗ്രൂപ്പിലും ഒമ്പതോ പത്തോ മന്ത്രിമാരുണ്ടാകും. രണ്ടാം മോദി മന്ത്രിസഭയുടെ ആദ്യ വികസനത്തിന് ശേഷം നടന്ന സമ്പൂര്‍ണ മന്ത്രിസഭാ യോഗങ്ങളിലെ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണിത്.ഒരു മന്ത്രിക്കാകും ഗ്രൂപ്പിന്റെ ഏകോപന ചുമതല. ഓരോ മേഖലയിലെയും വിദഗ്ധരെ അതതു ടീമുകളിലേക്ക് എടുക്കുകയും ഭരണനിര്‍വഹണത്തിന് ഉപയോഗപ്പെടുത്തുകയുമാണ് ലക്ഷ്യം. ഓരോ വകുപ്പിലും നടപ്പാക്കിയ മികവിന്റെ മാതൃകകള്‍ മറ്റിടങ്ങളില്‍ പരീക്ഷിക്കാന്‍ ഇതുവഴി സാധിക്കുമെന്ന് വിലയിരുത്തുന്നു.
സംസ്ഥാനങ്ങള്‍, ജില്ലകള്‍, വകുപ്പുകള്‍ എന്നിവയുടെ പ്രൊഫൈല്‍ തയ്യാറാക്കി വികസന പദ്ധതികള്‍ നടപ്പാക്കും. മികച്ച സേവനത്തിന് ഷേം വിരമിച്ച ഉദ്യോഗസ്ഥരില്‍ നിന്ന് പ്രതികരണങ്ങളും നിര്‍ദേശങ്ങളും സ്വീകരിക്കാന്‍ പോര്‍ട്ടലും തയ്യാറാക്കും.വിവിധ മേഖലകളിലെ ചെറുപ്പക്കാരായ പ്രൊഫഷനലുകളുടെയും വിരമിച്ച ഉദ്യോഗസ്ഥരുടെയും നൂതന സാങ്കേതിക വിദ്യകളുടെയും സഹായത്തോടെ ഭരണം മെച്ചപ്പെടുത്താനുള്ള ആശയം പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന സമ്പൂര്‍ണ മന്ത്രിസഭാ യോഗം നേരത്തേ ചര്‍ച്ച ചെയ്തിരുന്നു.

