തിരുവനന്തപുരം: കഴക്കൂട്ടം ഉള്ളൂർകോണത്ത് ഗുണ്ടാ സംഘം വീടുകളും വാഹനങ്ങളും കടയും അടിച്ചു തകർത്തു. വീട്ടമ്മയുടെ കഴുത്തിൽ വാൾ വച്ച് ഭീഷണിപ്പെടുത്തി. മൂന്ന് വീടുകളും നാല് ഇരുചക്രവാഹനങ്ങളും ഒരു കാറും അക്രമി സംഘം തകർത്തു.
15/11/21 തിങ്കളാഴ്ച രാത്രി രണ്ട് മണിക്കായിരുന്നു അക്രമം. ഉള്ളൂർ കോണം സ്വദേശി ഹാഷിമാണ് അക്രമം നടത്തിയത്. നിരവധി അടിപിടി കേസുകളും കഞ്ചാവ് കേസുകളിലും പ്രതിയാണിയാൾ. കഞ്ചാവ് വിൽപനയും സാമൂഹ്യ വിരുദ്ധ പ്രവർത്തനവും പൊലീസിനെ അറിയിക്കുന്നത് പ്രദേശവാസികളെന്ന് പറഞ്ഞാണ് ഇയാള്‍ അക്രമം നടത്തിയത്.
രാത്രി ഒൻപത് മണിക്ക് വീടിനോട് ചേർന്ന് കട നടത്തുകയായിരുന്ന റംലാ ബീവിയുടെ കഴുത്തിൽ വാൾ വച്ചാണ് ഭീഷണിപ്പെടുത്തിയത്. ഇവരുടെ മക്കളെ കൊന്ന് കളയുമെന്നായിരുന്നു ഭീഷണി. റംലാ ബീവിയുടെ നിലവിളി കേട്ട് നാട്ടുകാർ എത്തിയപ്പോഴേക്കും ഇയാൾ ഓടി രക്ഷപ്പെട്ടു.
തുടർന്ന് രാത്രി രണ്ട് മണിയോടെയാണ് മടങ്ങിയെത്തി അക്രമം നടത്തിയത്. വിവരമറിഞ്ഞ് പൊലീസെത്തിയപ്പോഴേക്കും ഇയാൾ രക്ഷപ്പെട്ടു. മുൻപും ഇതേ സംഘത്തിന്റെ അതിക്രമമുണ്ടായപ്പോഴും പൊലീസ് നടപടി സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.