പട്‌ന: ബീഹാറില്‍ മാവോയിസ്റ്റുകള്‍ നാല് പേരെ തൂക്കിക്കൊന്നതായി റിപ്പോര്‍ട്ട്. ഞായറാഴ്ചയാണ് കുറ്റകൃത്യം നടന്നത്.
രണ്ട് പുരുഷന്മാരേയും രണ്ട് സ്ത്രീകളേയും മാവോയിസ്റ്റുകള്‍ തൂക്കിലേറ്റുകയും വീട് ഡയനാമിക് ഉപയോഗിച്ച് തകര്‍ക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. എന്‍.ഡി.ടി.വിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ദുമാരിയയിലെ മോണ്‍ബാര്‍ ഗ്രാമത്തിലെ സര്‍ജു ഭോക്തയുടെ വീടാണ് ഡൈനാമിറ്റ് ഉപയോഗിച്ച് തകര്‍ത്തത്. അദ്ദേഹത്തിന്റെ മക്കളായ സത്യേന്ദ്ര സിംഗ് ഭോക്ത, മഹേന്ദ്ര സിംഗ് ഭോക്ത എന്നിവരെയും അവരുടെ ഭാര്യമാരെയും വീടിന് പുറത്ത് കെട്ടിയിട്ട്, കണ്ണുകെട്ടി കെട്ടിത്തൂക്കുകയായിരുന്നു. വീടിന്റെ വാതിലില്‍ മാവോയിസ്റ്റുകള്‍ ഒരു കുറിപ്പ് ഒട്ടിച്ചിരുന്നു.
അമ്രേഷ് കുമാര്‍, സീത കുമാര്‍, ശിവ്പൂജന്‍ കുമാര്‍, ഉദയ് കുമാര്‍ എന്നീ നാല് മാവോയിസ്റ്റുകളെ മുമ്പ് വിഷം നല്‍കി കൊലപ്പെടുത്തിയതില്‍ കുടുംബത്തിന് പങ്കുണ്ടെന്ന് ആരോപിച്ചാണ് കൊല നടത്തിയതെന്ന് കുറിപ്പില്‍ പറയുന്നു. വിശ്വാസ വഞ്ചകര്‍ക്ക് കടുത്ത ശിക്ഷ നല്‍കുമെന്നും കുറിപ്പില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
സംഭവത്തില്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിവരികയാണ്.
ഒരു വര്‍ഷം മുമ്പ് മോണ്‍ബാര്‍ ഗ്രാമത്തില്‍ പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ നാല് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ ഇത് വ്യാജ സംഭവമാണെന്നാണ് മാവോയിസ്റ്റുകള്‍ ആരോപിക്കുന്നത്.
തങ്ങള്‍ താമസിച്ചിരുന്ന വീടിന്റെ ഉടമകള്‍ വിഷം കൊടുത്ത് കൊല്ലുകയായിരുന്നുവെന്നാണ് ഇവരുടെ വാദം. തുടര്‍ന്ന് പൊലീസിനെ വിളിച്ച് വ്യാജ ഏറ്റുമുട്ടല്‍ നടത്തുകയായിരുന്നെന്നും മാവോയിസ്റ്റുകള്‍ പറയുന്നു.

