ന്യുഡൽഹി: സർക്കാർ, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യാപകരായ വൈദികരുടെയും കന്യാസ്ത്രീകളുടെയും ശമ്പളത്തിൽനിന്ന് സ്രോതസ്സിൽനിന്നുള്ള വരുമാനനികുതി(ടി.ഡി.എസ്.) പിരിക്കാമെന്ന കേരള ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ്മാരായ യു.യു.ലളിത്, രവീന്ദ്ര ഭട്ട് എന്നിവർ അടങ്ങിയ ബെഞ്ച് ആണ് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്‌തത്.
ഭരണഘടനയുടെ 25-ാം അനുച്ഛേദപ്രകാരമുള്ള മതസ്വാതന്ത്ര്യത്തിെന്റെ ഭാഗമായി ടി.ഡി.എസ്. പിടിക്കുന്നതിൽ ഇളവ് അനുവദിക്കാനാകില്ലെന്ന് ആയിരുന്നു കേരള ഹൈക്കോടതിയുടെ വിധി. ഇതിന് എതിരെ നൽകിയ ഹർജിയിലാണ് സുപ്രീം കോടതി സ്റ്റേ ഉത്തരവ് പുറപ്പടിവിച്ചത്. ഹർജിക്കാർക്ക് വേണ്ടി അഭിഭാഷകൻ റോമി ചാക്കോ ഹാജരായി
കന്യാസ്ത്രീകൾ, പുരോഹിതർ, സംന്യാസികൾ എന്നിവരുടെ ശമ്പളത്തിൽ നിന്ന് നികുതി പിടിക്കാൻ പാടില്ലെന്ന് മദ്രാസ് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. കന്യാസ്ത്രീകളും പുരോഹിതരും അവർ പ്രതിനിധാനം ചെയ്യുന്ന സഭകളുടെ ഭാഗമാണെന്നും അവർക്ക് കിട്ടുന്ന വേതനം വ്യക്തികൾക്ക് കിട്ടുന്ന വേതനമായി കണക്കാക്കാനാവില്ലെന്നും മദ്രാസ് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഈ വിധിക്ക് എതിരായ അപ്പീലുകളും സുപ്രീം കോടതിയുടെ പരിഗണനയിൽ ആണ്. രണ്ട് അപ്പീലുകളും ഒരുമിച്ച്കേൾക്കാം എന്ന് സുപ്രീം കോടതി വ്യക്തമാക്കി.
2014 മുതലാണ് സർക്കാർ, എയ്ഡഡ് അധ്യാപകരായ പുരോഹിതന്മാരുടെയും കന്യാസ്ത്രീകളുടെയും ശമ്പളത്തിൽനിന്ന് ടി.ഡി.എസ്.പിടിച്ചുതുടങ്ങിയത്. സർക്കാർ ശമ്പളം വാങ്ങുന്ന സന്യാസികളെയും പുരോഹിതരെയും നികുതിയിൽ നിന്ന് 1944 മുതൽ ആദായ നികുതി വകുപ്പ് ഒഴിവാക്കിയിരുന്നു. സർക്കാർശമ്പളം പറ്റുന്ന വൈദികരെയും കന്യാസ്ത്രീകളെയും സർക്കാർജീവനക്കാരായി കണക്കാക്കണമെന്നാണ് സർക്കാർ നിലപാട്.

