ചണ്ഡീഗഢ്: വിവാദ കാർഷിക നിയമങ്ങൾക്കെതിരെ പ്രമേയം പാസാക്കി പഞ്ചാബ് നിയമസഭ. നിയമസഭയുടെ പ്രത്യേക സമ്മേളനത്തിലാണ് നടപടി. സംസ്ഥാന കൃഷിവകുപ്പ് മന്ത്രി രൺദീപ് സിങ് നാഭയാണ് പ്രമേയം അവതരിപ്പിച്ചത്. തുടർന്ന് പ്രമേയത്തിന്മേൽ ചർച്ചയും നടന്നു.
ചർച്ചയ്ക്കിടെ, പഞ്ചാബ് പി.സി.സി. അധ്യക്ഷൻ കൂടിയായ നവജോത് സിങ് സിദ്ദു, കാർഷിക നിയമങ്ങളുടെ പേരിൽ ശിരോമണി അകാലിദളിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചു. 2013-ൽ കരാർ കൃഷി നിയമം വിജ്ഞാപനം ചെയ്തതിലൂടെ കാർഷിക നിയമങ്ങൾക്ക് നാന്ദികുറിച്ചത് അന്നത്തെ മുഖ്യമന്ത്രി പ്രകാശ് സിങ് ബാദലാണെന്നും നിയമം റദ്ദാക്കണമെന്നും സിദ്ദു പറഞ്ഞു. അകാലിദൾ-ബി.ജെ.പി. സർക്കാരിന്റെ ഭരണകാലം കർഷക വിരുദ്ധമായിരുന്നെന്നും സിദ്ദു ആരോപിച്ചു.

