ലക്നൗ: ഉത്തര്‍പ്രദേശിൽ പൊലീസ് കസ്റ്റഡിയിൽ യുവാവ് മരിച്ച സംഭവത്തിൽ മജീസ്ട്രേറ്റ്തല അന്വേഷണം പ്രഖ്യാപിച്ച് യുപി സർക്കാർ. പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് നടപടി. സംഭവുമായി ബന്ധപ്പെട്ട് കോട്വലി പൊലീസ് സ്റ്റേഷൻ എസ് എച്ച് ഒ ഉൾപ്പെടെ 5 പേരെ സസ്പെൻഡ് ചെയ്തു
പതിനാറ് വയസുള്ള പെൺകുട്ടിയെ കാണാതായ കേസിലാണ് 22കാരനായ അൽത്താറഫിനെ തിങ്കളാഴ്ച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ ചൊവ്വാഴ്ച്ച ഇയാളെ പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ചോദ്യം ചെയ്യലിനിടെ ശുചിമുറിയിലേക്ക് പോയ യുവാവിനെ പിന്നീട് പൈപ്പിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയെന്നും അബോധവസ്ഥയിലായ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നുമാണ് പൊലീസ് വിശദീകരണം.
ധരിച്ചിരുന്ന ജാക്കറ്റിന്റെ വള്ളിയാണ് തൂങ്ങാനായി ഉപയോഗിച്ചതെന്നും പൊലീസ് പറയുന്നു. നിലത്ത് നിന്ന് മൂന്ന് അടി മാത്രം പൊക്കമുള്ള ചുവരിനോട് ചോര്‍ന്നുള്ള പ്ളാസ്റ്റിക് പൈപ്പിൽ യുവാവ് തൂങ്ങിമരിച്ചു എന്ന പൊലീസ് വാദമാണ് വലിയ പ്രതിഷേധങ്ങൾക്കാണ് വഴിവെച്ചത്. പൊലീസ് കള്ളക്കളി നടത്തുകയാണെന്ന് യുവാവിന്റെ കുടുംബം ആരോപിച്ചു.
സംഭവം സർക്കാരിനെതിരെ പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കുന്നതിനിടെയാണ് മജീസ്ട്രേറ്റ്തല അന്വേഷണം പ്രഖ്യാപിച്ചത്. കൂടാതെ കോട്വലി പൊലീസ് സ്റ്റേഷൻ എസ് എച്ച് ഒ ഉൾപ്പെടെ അഞ്ച് പേരെ സസ്പെൻഡ് ചെയ്തായി യുപി പൊലീസ് അറിയിച്ചു.