കൊച്ചി: നടന് ജോജു ജോര്‍ജിനെതിരെ തുടര്‍ പ്രതിഷേധങ്ങളുമായി യൂത്ത് കോണ്‍ഗ്രസ്. ജോജു ജോര്‍ജിന്റെ ചിത്രത്തോടൊപ്പം റീത്ത് വെച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം.
‘ചുണയുണ്ടെങ്കില്‍ പോരിന് വാടാ, അന്ന് നിനക്കും പേപ്പട്ടിക്കും ഒരേ വിധിയാണെന്ന് ഓര്‍ത്തോളു. നിന്റെ നാളുകള്‍ എണ്ണപ്പെട്ടു’ തുടങ്ങിയ പരാമര്‍ശങ്ങളാണ് ജോജുവിന് നേരെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ഉയര്‍ത്തിയതെന്ന് റിപ്പോര്‍ട്ടര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു.
ജോജുവിനൊപ്പം സംവിധായകന് ബി. ഉണ്ണികൃഷ്ണന് നേരെയും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ മുദ്രാവാക്യം വിളിച്ചു.
കഴിഞ്ഞ തിങ്കളാഴ്ച കോണ്‍ഗ്രസിന്റെ വഴിതടയല്‍ സമരത്തിനെതിരെ ജോജു ജോര്‍ജ് പരസ്യമായി പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെ കോണ്‍ഗ്രസുകാര്‍ ജോജുവിന്റെ കാറിന്റെ ചില്ല് അടിച്ചുപൊട്ടിച്ചിരുന്നു.
അതേസമയം വഴി തടഞ്ഞുള്ള സിനിമാ ഷൂട്ടിംഗ് എറണാകുളം ജില്ലയില്‍ ഇനി അനുവദിക്കില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് അറിയിച്ചിട്ടുണ്ട്.
ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തിയും ഗതാഗതം തടഞ്ഞും സര്‍ക്കാര്‍ ഓഫിസുകള്‍ അടക്കമുള്ള സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം തടസപ്പെടുത്തിയുമുള്ള ചിത്രീകരണം അനുവദിക്കില്ലെന്നാണ് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി അറിയിച്ചത്.

