കൊച്ചി: നടൻ ജോജു ജോർജിന്റെ കാറിന്റെ ചില്ല് തകർത്ത കേസിലെ പ്രതിയുടെ ജാമ്യേപക്ഷയിൽ വിചാരണ പൂർത്തിയായി. കേസിൽ റിമാൻഡിലുള്ള പ്രതി പി.ജി.ജോസഫിന്റെ ജാമ്യാപേക്ഷയിലാണ് വാദം നടന്നത്. നടൻ ജോജു ജോർജും കേസിൽ കക്ഷി ചേരാൻ അപേക്ഷ നൽകിയിരുന്നു. ജോജുവിന്റെ ഹർജി ഫയലിൽ സ്വീകരിക്കുന്നതിൽ 06/11/2021 ൽ കോടതി തീരുമാനം പറയും.കേസിൽ കക്ഷി ചേരാനുള്ള ജോജുവിന്റെ അപേക്ഷയെ പ്രോസിക്യൂഷൻ എതിർത്തിരുന്നു. കൃത്യമായ കാര്യം വ്യക്തമാക്കാതെയുള്ളതാണ് ഹർജിയെന്ന് പ്രോസിക്യൂഷൻ വാദിച്ചു. പ്രതിക്ക് ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ വാദിച്ചു. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്
മാധ്യമങ്ങളിലൂടെ അറിയിപ്പ് നൽകിയ ശേഷമാണ് വഴി തടഞ്ഞതെന്ന് പ്രതി ജോസഫിന്‍റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. വഴിതടയലിൽ കുടുങ്ങിയവരിൽ രോഗികൾ ഉണ്ടായിരുന്നുവെന്ന വാദം തെറ്റാണെന്നും സിനിമ നടൻ അഭിനയിക്കേണ്ടത് റോഡിൽ അല്ലെന്നും പ്രതിഭാഗം കോടതിയിൽ പറഞ്ഞു. വഴിതടയൽ സമരത്തിനിടയിലും ഗതാഗതത്തിന് കൃത്യമായി പോലീസ് സൗകര്യം ഒരുക്കിയിരുന്നുവെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി.
അതേസമയം കേസിൽ ഒത്തുതീർപ്പ് സാധ്യതകൾ അവസാനിച്ചിട്ടില്ലെന്ന് ജോജു ജോർജിന്‍റെ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി. ജോജുവിന് എതിരെ കോൺഗ്രസ് നേതാക്കൾ നടത്തിയ അപകീർത്തികരമായ പ്രസ്താവനകൾ പരസ്യമായി പിൻവലിക്കണം. കെപിസിസി പ്രസിഡന്‍റും പ്രതിപക്ഷ നേതാവും ജോജുവുമായി സംസാരിച്ചിരുന്നു എന്നും ഒരു പാർട്ടിയോടോ വ്യക്തികളോടോ വിരോധമില്ലെന്നും ജോജുവിന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.
ഇന്ധനവില വർധനക്കെതിരെ കൊച്ചിയിൽ കോൺഗ്രസ് നടത്തിയ വഴിതടയൽ സമരത്തിനിടെയുണ്ടായ സംഘർഷത്തിലാണ് നടൻ ജോജു ജോർജിന്റെ കാറിന്റെ പിൻഭാഗത്തെ ചില്ല് തകർത്തത്. കേസിൽ മുൻ കൊച്ചി മേയർ ടോണി ചമണിയടക്കം ഒൻപത് പേരെ പ്രതിയാക്കി പൊലീസ് കേസെടുത്തിരുന്നു

