കൊച്ചി : ഇന്ധന വിലവര്‍ധനയ്ക്കെതിരെ കോണ്‍ഗ്രസ് നടത്തിയ റോഡ് ഉപരോധത്തിനിടെ കാര്‍ തകര്‍ത്ത സംഭവത്തില്‍ നടന് ജോജു ജോര്‍ജ് കോടതിയെ സമീപിക്കുന്നു.
കേസില്‍ കക്ഷിചേരാന്‍ നടന് ജോജു ജോര്‍ജ് ഹരജി നല്കി. സംഭവത്തിന് ശേഷം വ്യക്തിപരമായി അധിക്ഷേപം ഉണ്ടായെന്നും ഇക്കാര്യത്തില്‍ കോടതിയുടെ ഇടപെടല്‍ വേണമെന്നും ആവശ്യപ്പെട്ടാണ് ഹരജി എന്നാണ് റിപ്പോര്‍ട്ട്.
കാര്‍ തകര്‍ത്ത സംഭവത്തില്‍ അറസ്റ്റിലായ കോണ്‍ഗ്രസ് പ്രവര്ത്തകന് പി.ജി. ജോസഫിന്റെ ജാമ്യഹരജിയിലാണ് ജോജു കക്ഷിചേരാന്‍ അപേക്ഷ നല്‍കിയത്. എറണാകുളം മജിസ്ട്രേറ്റ് കോടതിയിലാണ് അപേക്ഷ നല്‍കിയത്.
അതേസമയം, പ്രശ്നം ഒത്തുതീര്‍പ്പിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കോണ്‍ഗ്രസ് ജില്ലാ നേതൃത്വം ഒത്തുതീര്പ്പുകള്ക്കൊരുങ്ങുന്നുവെന്നായിരുന്നു റിപ്പോര്‍ട്ട്.
ജോജുവിന്റെ സുഹൃത്തുക്കള്‍ കോണ്‍ഗ്രസ് നേതാക്കളുമായി സംസാരിച്ചെന്നും പ്രശ്നങ്ങള്‍ പരസ്പരം സംസാരിച്ച് തീര്‍ക്കാന്‍ തീരുമാനിച്ചുവെന്നും ഡി.സി.സി. അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ് അറിയിച്ചിരുന്നു.

