ദീപാവലി: ഓഹരി വിപണിയില്‍ വൈകുന്നേരം മുഹൂര്‍ത്ത വ്യാപാരം

മുംബൈ: ദീപാവലി ദിനമായ ഇന്ത്യന്‍ ഓഹരി വിപണികളായ ബി.എസ്.ഇയിലും എന്‍.എസ്.ഇയിലും ഒരു മണിക്കൂര്‍ മുഹൂര്‍ത്ത വ്യാപാരം. വൈകിട്ട് 6.15 മുതല്‍ 7.15 വരെയാണു മുഹൂര്‍ത്ത വ്യാപാരം. ബ്ലോക്ക് ഡീല്‍ സെഷന്‍ വൈകിട്ട് 5.45 മുതല്‍ 6 വരെ 15 മിനിറ്റും പ്രീ-ഓപ്പണ്‍ സെഷന്‍ 6 മുതല്‍ 6.08 വരെ എട്ടു മിനിറ്റും നീണ്ടുനില്‍ക്കും.
കോവിഡ് പ്രതിസന്ധിയിലും തളരാതെ പുതിയ ഉയരങ്ങള്‍ കീഴടക്കിയ ഓഹരി സൂചികകള്‍ ”സംവത്-2078” വര്‍ഷത്തിലേക്ക് ചുവടുവയ്ക്കുകയാണ്. ദീപാവലി പ്രമാണിച്ച് ഇന്നും നാളെയും ഓഹരി വിപണിക്ക് അവധിയാണ്. മുഹൂര്‍ത്ത വ്യാപാര സെഷനിലെ ഒരു മണിക്കൂര്‍ ഒഴികെ ദിവസം മുഴുവന്‍ ഓഹരി വിപണി അടച്ചിരിക്കും. മുഹൂര്‍ത്ത വ്യാപാരം അടുത്ത വര്‍ഷം മുഴുവന്‍ സമ്പത്തും സമൃദ്ധിയും നല്‍കുന്നുവെന്നാണു വിശ്വാസം.

ഏഷ്യയിലെ ഏറ്റവും പഴക്കം ചെന്ന സ്റ്റോക്ക് എക്സ്ചേഞ്ചായ ബി.എസ്.ഇ. 1957 മുതല്‍ മുഹൂര്‍ത്ത വ്യാപാരം നടത്തുന്നുണ്ട്. 1992-ലാണ് എന്‍.എസ്.ഇയില്‍ മുഹൂര്‍ത്ത വ്യാപാരം ആരംഭിക്കുന്നത്. ഇലക്ട്രോണിക് വ്യാപാരം ഇല്ലാതിരുന്ന മുന്‍ കാലങ്ങളില്‍ നിക്ഷേപകര്‍ ബി.എസ്.ഇയില്‍ നേരിട്ടെത്തിയാണ് വ്യാപാരം നടത്തിയിരുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →